ഷില്ലോങ്: ഹണിമൂൺ ആഘോഷിക്കാനെത്തിയ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശി രാജാ രഘുവംശിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം സഹോദരൻ വിപിൻ രഘുവംശി തിരിച്ചറിഞ്ഞു. രാജാ രഘുവംശിയുടെ മരണ സമയവും മരണകാരണവും ഉൾപ്പെടെയുള്ള മറ്റു വിശദാംശങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. അതേസമയം, രാജാ രഘുവംശിയുടെ ഭാര്യ സോനത്തെ ഇനിയും കണ്ടെത്താനായിട്ടില്ല
മേഘാലയിൽ ഹണിമൂണിനെത്തിയ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയും ഷില്ലോങ്ങിൽ നിന്നും ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ദമ്പതികൾ വാടകയ്ക്കെടുത്ത സ്കൂട്ടറിലാണ് ചിറാപുഞ്ചിയിലേക്ക് യാത്ര ആരംഭിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്‌ക്കെടുത്ത സ്‌കൂട്ടർ ഈ റൂട്ടിലെ ഒരു ഗ്രാമത്തിൽനിന്ന് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
ഇൻഡോറിൽ ട്രാൻസ്‌പോർട്ട് കമ്പനി നടത്തുന്നയാളാണ് രാജാ രഘുവംശി. മേയ് 11-നാണ് രാജാ രഘുവംശിയും സോനവും വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂൺ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദർശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. തുടർന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതാവുകയായിരുന്നു.
മേയ് 23-നാണ് രാജാ രഘുവംശി അവസാനമായി ഫോണിൽ വിളിച്ചതെന്ന് അമ്മ റീന രഘുവംശി മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചെന്നും യാത്ര തുടരുകയാണെന്നുമാണ് മകൻ പറഞ്ഞത്. എന്നാൽ, പിന്നീട് രണ്ടുപേരുടെയും ഫോണിലേക്ക് വിളിച്ചപ്പോൾ റിങ് ചെയ്‌തെങ്കിലും പ്രതികരണമുണ്ടായില്ല. മേയ് 24 മുതൽ രണ്ടുപേരുടെയും ഫോണുകൾ സ്വിച്ച് ഓഫായെന്നും അമ്മ പറഞ്ഞു. മൊബൈൽ നെറ്റ് വർക്കിന്റെ തകരാർ കാരണമാകും ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാൽ, രണ്ടുദിവസമായിട്ടും ഫോൺ സ്വിച്ച് ഓഫാണെന്ന് കണ്ടതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ മേഘാലയ പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. വിനോദസഞ്ചാരികൾ എത്താറുള്ള വനപാതകളിലും മറ്റുമാണ് തിരച്ചിൽ നടത്തിയത്. എന്നാൽ, ഇടതൂർന്ന വനങ്ങളും ആഴമേറിയ മലയിടുക്കുകളും നിറഞ്ഞ പ്രദേശത്ത് തിരച്ചിൽ ദുഷ്‌കരമാണെന്നാണ് പൊലീസുകാർ തന്നെ പറയുന്നത്. അതിനിടെ, ദമ്പതിമാരുടെ അവസാന ലൊക്കേഷൻ ഷില്ലോങ്ങിലെ ഒസ്ര ഹിൽസിലാണെന്ന് കണ്ടെത്തി. സ്‌കൂട്ടർ വാടകയ്ക്ക് നൽകിയ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് അവസാന ലൊക്കേഷൻ കണ്ടെത്തിയത്. ഇവിടെ ഒരു കിടങ്ങിന് സമീപത്തുനിന്ന് ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.
അതിനിടെ, സ്‌കൂട്ടർ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുള്ള ഒരു റിസോർട്ട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ കുപ്രസിദ്ധി നേടിയ റിസോർട്ടാണിത്. എന്നാൽ, യാത്രയ്ക്കിടെ ദമ്പതിമാർ റിസോർട്ട് സന്ദർശിക്കുകയോ ഇവിടെ താമസിക്കുകയോ ചെയ്‌തോ എന്നത് ഇതുവരെ സ്ഥിരീകരിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു
ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരൻ സച്ചിൻ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താൻ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നവർക്കും പ്രാദേശിക ഹോട്ടൽ ജീവനക്കാരുടെ ഗൈഡുകൾക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്നാണ് സഹോദരൻ ആരോപിച്ചത്.
ദമ്പതിമാരെ കാണാതായ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മറ്റൊരു ഗ്രാമത്തിൽ ആഴ്ചകൾക്ക് മുൻപ് ഒരു വിദേശവിനോദസഞ്ചാരിയെയും ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. ഹംഗറിയിൽനിന്നുള്ള സഞ്ചാരിയെയാണ് കാണാതായത്. പിന്നീട് 12 ദിവസങ്ങൾക്ക് ശേഷം ഹംഗേറിയൻ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. അതേസമയം, വിദേശസഞ്ചാരിയുടെ മരണത്തിൽ ദുരൂഹതകളില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
