Headlines

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പിടിയിൽ;രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കാൽ ഒടിഞ്ഞു

കാസർകോട്: നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ‘തൊരപ്പൻ സന്തോഷ്’ കാസർകോട് മേൽപ്പറമ്പിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടിയിലായി. ഒരു ഹൈപ്പർമാർക്കറ്റിൽ മോഷണം നടത്തുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ ഇയാളുടെ കാൽ ഒടിഞ്ഞിട്ടുണ്ട്.


മേൽപ്പറമ്പിലെ ഹൈപ്പർമാർക്കറ്റിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഭിത്തി തുരന്ന് അകത്ത് കടന്ന് മോഷണം നടത്തുന്നതിലൂടെയാണ് ഇയാൾക്ക് ‘തൊരപ്പൻ’ എന്ന വിളിപ്പേര് ലഭിച്ചത്.

ഹൈപ്പർമാർക്കറ്റിന് സമീപം നിർത്തിയിട്ടിരുന്ന തങ്ങളുടെ ബൈക്കുകൾ എടുക്കാൻ എത്തിയ ചില യുവാക്കളാണ് മോഷ്ടാവിന് വിനയായത്. കെട്ടിടത്തിനകത്ത് നിന്ന് അസ്വാഭാവികമായ ശബ്ദങ്ങൾ കേട്ടതോടെ സംശയം തോന്നിയ യുവാക്കൾ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ സംഘടിച്ചെത്തി കെട്ടിടം വളഞ്ഞതോടെ സന്തോഷ് പരിഭ്രാന്തനായി.

പിടിയിലാകുമെന്ന് ഉറപ്പായതോടെ ഇയാൾ രക്ഷപ്പെടാനായി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. എന്നാൽ, വീഴ്ചയിൽ കാൽ ഒടിഞ്ഞതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ സാധിച്ചില്ല. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

സ്ഥാപന ഉടമയായ കെ. അനൂപിന്റെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിലെ കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സന്തോഷ് മുൻപും പലതവണ മോഷണക്കേസുകളിൽ പിടിയിലായിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: