പുനലൂര്‍ : പോലീസുകാരനടക്കം 11 പേര്‍ പ്രതികളായ പുനലൂരിലെ കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന ആറാംപ്രതി അറസ്റ്റില്‍. മൈനാഗപ്പള്ളി കാരൂര്‍ക്കടവ് ട്രാന്‍സ്ഫോര്‍മര്‍ ജങ്ഷനു സമീപം കാവില്‍ വീട്ടില്‍ ഷിബു (41) ആണ് അറസ്റ്റിലായത്. എട്ടുമാസം മുന്‍പ് പുനലൂര്‍ കുര്യോട്ടുമലയിലെ വീട്ടില്‍നിന്നും 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞരാത്രി കരുനാഗപ്പള്ളിയില്‍ നിന്നാണ് ഷിബുവിനെ അറസ്റ്റുചെയ്തതെന്ന് എസ്എച്ച്ഒ ടി.രാജേഷ്‌കുമാര്‍ പറഞ്ഞു.
ഇയാള്‍ മുന്‍പും കേസുകളില്‍ പ്രതിയാണെന്നും കഞ്ചാവ് കേസിലെ മുഖ്യപ്രതികളായ പുനലൂര്‍ മുസാവരിക്കുന്നില്‍ ചരുവിള പുത്തന്‍വീട്ടില്‍ ഷാനാവാസ് (41), പോലീസുകാരന്‍ കൂടിയായ ബെക്കര്‍ അബ (48) എന്നിവരുമായി ജയിലില്‍വെച്ചുള്ള പരിചയമാണ് ഈ കേസില്‍പ്പെടാന്‍ ഇടയാക്കിയതെന്നും പോലീസ് പറഞ്ഞു. കേസില്‍പ്പെട്ടശേഷം കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമായി ഒളിവില്‍കഴിഞ്ഞുവരികയായിരുന്നെന്നും പോലീസ് അറിയിച്ചു.
ഷിബുവിന്റെ അറസ്റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്.
ഡാന്‍സാഫ് സംഘവും പുനലൂര്‍ പോലീസും ചേര്‍ന്ന് ഇക്കഴിഞ്ഞ ജൂലായ് 11-നാണ് കുര്യോട്ടുമലയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഷാനാവാസിനു പുറമേ കുര്യോട്ടുമല അഞ്ജനാഭവനില്‍ അജിത് (24), ചെമ്മന്തൂര്‍ ഫൈസല്‍ മന്‍സിലില്‍ ജെസില്‍ (22), എന്നിവരെ അന്നുതന്നെയും മറ്റുപ്രതികളായ റിമോ, സാജ്ചന്ദ്രന്‍, നിസാം, ബെക്കര്‍ അബ, സിദ്ധിഖ്, ഷാനു എന്നിവരെ പിന്നീടും അറസ്റ്റ് ചെയ്തിരുന്നു.
