മലപ്പുറം: പി.വി. അൻവറുമായി ബന്ധപ്പെട്ട വിഷയം ‘ക്ലോസ്ഡ്’ ആണെന്നും നിലമ്പൂരിൽ നടക്കുന്നത് യുഡിഎഫ്-എൽഡിഎഫ് മത്സരമാണെന്നും മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായുള്ള തന്ത്രങ്ങൾ ചർച്ചചെയ്യാനാണ് ലീഗിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഭാരവാഹികളുടെ യോഗം ഞായറാഴ്ച വിളിച്ചുചേർത്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ ചർച്ചചെയ്യുന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള തന്ത്രങ്ങളാണ്. വേറെ വർത്തമാനങ്ങളൊന്നും ഇപ്പോൾ ഇല്ലെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി.വി. അൻവർ മത്സരിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആ വക കാര്യങ്ങളെക്കുറിച്ചൊന്നും യാതൊരു ചർച്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിടെ എൽഡിഎഫ്-യുഡിഎഫ് മത്സരമാണ് നടക്കുന്നത്. അപ്പോൾ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുകയെന്ന തന്ത്രം ചർച്ചചെയ്യാനാണ് ഇന്ന് ലീഗ് ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത്. പി.വി. അൻവറിന്റെ മത്സരത്തെ സംബന്ധിച്ച് ചോദ്യം ആവർത്തിച്ചപ്പോൾ ആ വിഷയം ക്ലോസ്ഡ് ആണ്, തങ്ങൾക്ക് ഇവിടെയൊരു രാഷ്ട്രീയപോരാട്ടം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
