മുംബൈ: ഓടുന്ന ബസിൽ വെച്ച് പ്രസവിച്ച ആൺകുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്ന് മാതാപിതാക്കൾ. മഹാരാഷ്ട്രയിലെ പ്രഭാനിയിലായിരുന്നു മനസാക്ഷി മരവിക്കുന്ന സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് സ്ലീപ്പര്‍ ബസിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ റിഥിക എന്ന യുവതിയെയും ഭർത്താവെന്ന് പറയപ്പെടുന്ന യുവാവിനെയും പോലീസ് പിടികൂടി. ഇരുവരും ഭാര്യാ-ഭര്‍ത്താക്കന്മാരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വിവാഹം കഴിച്ചതിന്റെ തെളിവുകൾ ഒന്നുമില്ല.
ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് ബസില്‍ നിന്ന് കുട്ടിയെ ഇവര്‍ വലിച്ചെറിയുന്നത്. കുഞ്ഞ് ജനിച്ച ഉടനെ തുണിയില്‍ പൊതിഞ്ഞ് എറിയുകയായിരുന്നു. എന്തോ ഒന്ന് പുറത്തേക്ക് വീഴുന്നത് ശ്രദ്ധിച്ച ബസ് ഡ്രൈവര്‍ കാര്യം തിരക്കിയപ്പോൾ ഭാര്യ ഛര്‍ദ്ദിച്ചതാണെന്നാണ് റിഥികയുടെ കൂടെയുണ്ടായിരുന്ന അല്‍ത്താഫ് എന്ന യുവാവ് ഡ്രൈവറോട് പറഞ്ഞത്.
ഇതേസമയം അതുവഴി വന്ന ഒരു കാൽനടയാത്രികനാണ് റോഡില്‍ വീണുകിടക്കുന്ന കുഞ്ഞിനെ കണ്ടത്. അയാൾ ഉടൻ തന്നെ വിവരം പോലീസിന് കൈമാറി. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ റിഥികയേയും അല്‍ത്താഫിനേയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ വളർത്താനുള്ള സാഹചര്യം തങ്ങൾക്കില്ലാത്തതിനാലാണ് വലിച്ചെറിഞ്ഞതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. റിഥികയും അൽത്താഫും പൂനെയില്‍ ഒന്നരവര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ്. വിവാഹിതരെന്ന് ഇരുവരും പറയുന്നുണ്ടെങ്കിലും ഇതിനുള്ള തെളിവുകൾ ഇവരുടെ പക്കലില്ല എന്ന പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ചികിത്സയ്ക്കുക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
