Headlines

യുവതിയുടെ ദേഹത്ത് തിളച്ച പാൽ ഒഴിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി പിടിയിൽ

തിരുവനന്തപുരം: യുവതിയുടെ ദേഹത്ത് തിളച്ച പാൽ ഒഴിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി പിടിയിൽ. പൊള്ളലേറ്റ നിലയിൽ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവതിക്കൊപ്പം താമസിച്ചിരുന്ന ആളെയാണ് പോലീസ് പിടികൂടിയത്. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷ് (26) ആണ് അറസ്റ്റിലായത്. പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.


ഡിസംബർ 26ന് ആയിരുന്നു സംഭവം. ശരീരത്തിൽ തിളച്ച പാൽ ഒഴിച്ച് പൊള്ളിച്ച ശേഷം യുവാവ് 2 ദിവസം ചികിത്സ നിഷേധിക്കുകയും ചെയ്തു. എന്നാൽ പൊള്ളൽ ഗുരുതരമായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പോലീസിൽ വിവരം അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൈ തട്ടി പാൽ ദേഹത്തു വീണുവെന്നാണ് പെൺകുട്ടി ആശുപത്രിയിൽ പറഞ്ഞിരുന്നത്.

എന്നാൽ പിന്നീട് വിവരമറിഞ്ഞ് യുവതിയുടെ അമ്മ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തുകയും സംഭവിച്ച കാര്യങ്ങൾ യുവതി അമ്മയോട് പറയുകയും ചെയ്തു. ഒരുമിച്ച് താമസിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രതി നിരന്തരം യുവതിയെ മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ തോൾ മുതൽ കാൽമുട്ടിന്റെ ഭാഗം വരെ പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കൽ കോളജ് ഐസിയുവിൽ കഴിയുന്ന പെൺകുട്ടിക്ക് 25 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

അറസ്റ്റിലായ യുവാവിന്റെ പേരിൽ ആര്യനാട് പോലീസിൽ ഒട്ടേറെ കേസുകളുള്ളതായി സബ് ഇൻസ്പെക്ടർ കിരൺ ശ്യാം പറഞ്ഞു. വിവാഹിതനായ യുവാവിനൊപ്പം രണ്ടുവർഷം മുൻപാണ് യുവതി താമസം തുടങ്ങിയത്. യുവാവിനെ ഇവർ താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: