ആലപ്പുഴയിൽ പണയ സ്വർണത്തിൽ തട്ടിപ്പ്;സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ

ആലപ്പുഴ: പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പുറക്കാട് ശാഖയിൽ നിന്നും പണയ സ്വർണത്തിൽ തിരിമറി നടത്തി 14 ലക്ഷത്തിൽ പരം രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. പുറക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ ഇല്ല്യാസ് പറമ്പ് വീട്ടിൽ ബിന്ദു (48), പുറക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ കാരിക്കാപറമ്പ് വീട്ടിൽ സുൽഫിയ ഹസ്സൻ (37), അയൽവാസിയും സഹായിയുമായ 15-ാം വാർഡിൽ മൂരിപ്പാറ വീട്ടിൽ മായ (44) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. പ്രതികളെ കൊട്ടാരക്കര സബ്ബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.


പ്രതികളും സുഹൃത്തും സഹായിയുമായ മായയുടെ സഹായത്താൽ പലരുടെ പേരിലായി 23 പവനോളം സ്വർണം പലപ്പോഴായി പണയം വെച്ച് 14 ലക്ഷത്തോളം രൂപ എടുത്ത ശേഷം ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം പിന്നീട് എടുത്ത് വിൽക്കുകയും തിരിമറി നടത്തുകയും ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. എല്ലാ മാസവും 15 ദിവസം കഴിയുമ്പോൾ ഓഡിറ്റ് നടത്തുന്ന ബാങ്കിൽ ജനുവരി 11 ന് നടത്തിയ ഓഡിറ്റിൽ സീൽ ചെയ്തു സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്നും 9 പാക്കറ്റ് സ്വർണമാണ് പ്രതികൾ ചേർന്ന് ലോക്കറിൽ നിന്നും എടുത്തു കൊണ്ട് പോയി തിരിമറി നടത്തിയത്. 22 ന് സർപ്രൈസ് ഓഡിറ്റിന് ഓഡിറ്ററും, അപ്രൈസറും എത്തിയ സമയം ബാങ്കിന്റെ ചാർജ്ജ് ഉണ്ടായിരുന്ന ഒന്നാം പ്രതി ലോക്കറിന്റെ താക്കോൽ നൽകാതെ മുങ്ങുകയായിരുന്നു.

ആ സമയത്ത് പണമിടപാട് സ്ഥാപനത്തിലെത്തിയ ഓഡിറ്റർക്ക് ആദ്യം സംശയമൊന്നും തോന്നാത്തത് കാരണം പരാതി ഒന്നും നൽകിയില്ല. തുടർന്ന് ഒന്നാം പ്രതിയായ ബിന്ദുവിനെ കാണാനില്ലെന്ന മകളുടെ പരാതിയില്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ സ്വർണ പണയം പരിശോധിക്കുകയും സ്വർണ പാക്കറ്റിന്റെ അളവിൽ കുറവ് കണ്ടെത്തുകയും ചെയ്തു. കൂടാതെ ക്യാഷ് ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന 50,000 ത്തോളം രൂപയും നഷ്ടപ്പെട്ടതായി മനസ്സിലാക്കി. തുടർന്നാണ് തട്ടിപ്പ് സംബന്ധിച്ചു പരാതി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ തൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോടുള്ള പുതിയാപ്പ എന്ന സ്ഥലത്ത് നിന്നും ബിന്ദുവിനെ കണ്ടെത്തുകയും സ്റ്റേഷനിൽ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തതിൽ മറ്റു രണ്ടു പ്രതികളുടെ പങ്ക് കൂടി വ്യക്തമാകുകയും ചെയ്തു. തുടർന്ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

അമ്പലപ്പുഴ ഡി വൈ എസ്‌ പി കെ എൻ രാജേഷ്, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാർ എം, ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർമാരായ മധു വി, ഷാജി എ എൽ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ അനൂപ് കുമാർ, വിഷ്ണു ജി, ജോസഫ് ജോയ് വി, വനിതാ സിവിൽ പൊലീസ് ഓഫിസര്‍ ഗാർഗി എം എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: