പാറശ്ശാല: നിയന്ത്രണം വിട്ട പെട്ടിഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഓട്ടോയിലുണ്ടായിരുന്ന പോത്തന്‍കോട് കണിയാംകോണം കീഴെ തോന്നയ്ക്കലില്‍ മുഹമ്മദ് ഷിജിന്‍ (24) ആണ് മരിച്ചത്. പാറശ്ശാല പ്ലാമൂട്ടുക്കടക്ക് സമീപം കാക്കവിളയിൽ വെളളിയാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് അപകടമുണ്ടായത്.
കടകുളം ഭാഗത്ത് നിന്ന് പ്ലാമൂട്ടുക്കടയിലേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന പെട്ടി ഓട്ടോറിക്ഷനിയന്ത്രണം വിട്ട് കാക്കവിള ഗ്യാസ് ഏജന്‍സിക്ക് സമീപത്ത് വച്ച് ബസ്സിന് മുന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടകരമായ നിലയില്‍ ഓട്ടോറിക്ഷ വരുന്നത് ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സ് ഡ്രൈവര്‍ പൊടുന്നനെ വെട്ടിത്തിരിച്ചതിനെ തുടര്‍ന്ന് ബസ്സ് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്തു. അപകടത്തില്‍ പെട്ടി പെട്ടി ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു.
അപകട ശബ്ദം കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ്സിന് പിന്നാലെ വരികയായിരുന്ന കെ.അന്‍സലന്‍ എം.എല്‍.എ യുടെ വാഹനത്തില്‍ പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മുഹമ്മദ് ഷിജിന്‍ മരണപ്പെട്ടു. സഹയാത്രികനായ സുഹൈല്‍ (29) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

