കൊച്ചി: പിണറായി വിജയന്‍ നടപ്പാക്കുന്നത് മോദിയുടെ അജണ്ടയാണെന്ന് മുന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. മുഖ്യമന്ത്രിയായതിനു ശേഷം പിണറായി വിജയന്‍ ആര്‍എസ്എസ്സുമായി സന്ധി ഉടമ്പടിയുണ്ടാക്കി. പിണറായിയുടെ എല്ലാ വഴികളും മോദിയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്.
മോദി ഗവണ്‍മെന്റിന്റെ നയങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. കേരളത്തിലെ സിപിഎം മാറിപ്പോയിരിക്കുന്നത്. ബാഹ്യശക്തികളാണ് ഇപ്പോള്‍ തീരുമാനമെടുക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേറ്റതിനു പിന്നാലെ ന്യൂഡല്‍ഹിയിലെ വീട്ടില്‍ പോയി പ്രധാനമന്ത്രിയെ കണ്ടിരുന്നു. തന്റെ വീട് സ്വന്തം വീടു പോലെ കാണണം എന്ന് തന്നോട് മോദി പറഞ്ഞതായാണ് അന്ന് പിണറായി പറഞ്ഞത്. ഇവരുടെ ബന്ധം വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ്. സ്വര്‍ണക്കടത്ത് നടത്തിയത് എവിടെ നിന്നാണെന്നും തനിക്ക് അറിയാമെന്ന് പറഞ്ഞ് പിണറായിയെ പേരെടുത്ത് പറഞ്ഞ് മോദി വിമര്‍ശിച്ചിട്ടും അത് തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായില്ല.
മുഖ്യമന്ത്രിയായതിനു ശേഷം പിണറായി വിജയന്‍ ആര്‍എസ്എസ്സുമായി സന്ധി ഉടമ്പടിയുണ്ടാക്കി. ബിജെപി നേതാക്കളേയും തന്റെ അംഗരക്ഷകരും പരിവാരങ്ങളുമൊന്നുമില്ലാതെ ആര്‍എസ്എസ് നേതാക്കളുമായി തിരുവനന്തപുരത്ത് മീറ്റിങ് നടത്തി. മോദിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പിണറായി പ്രവര്‍ത്തിക്കുന്നത്. പിണറായിയുടെ എല്ലാ വഴികളും മോദിയിലേക്കാണ് പോകുന്നത്. കാബിനറ്റ് റാങ്ക് നല്‍കി ഇരുത്തിയിരിക്കുന്ന കെ വി തോമസ് ഉള്‍പ്പടെ നിരവധി പേരാണ് പിണറായിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രവര്‍ത്തിക്കുന്നതെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു.

