Headlines

ഫ്ലാറ്റ് വാഗ്‌ദാനം ചെയ്ത് പണം തട്ടിയാതായി പരാതി; മുൻ മന്ത്രി ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മുൻ മന്ത്രിയും ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്. ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിബു ബേബി ജോണിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതായാണ് പരാതി. കുമാരപുരം സ്വദേശി അലക്സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്.


ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിൽ കഴക്കൂട്ടം ചാക്ക ബൈപ്പാസിൽ 40 സെന്റ് ഭൂമിയുണ്ട്. ഇവിടെ ഫ്ലാറ്റ് നിർമ്മിച്ച് സിൽക്കുന്നത്തിനായി ഷിബു ബേബി ജോണിന്‍റെ കുടുംബവും ആന്റ കെട്ടിട നിര്‍മ്മാണ കമ്പനിയും തമ്മിൽ ധാരണയുണ്ടാക്കി. 2020ൽ ആന്റ കമ്പനിക്ക് രണ്ട് തവണയായി 15 ലക്ഷം രൂപ അലക്സ് കൈമാറിയിരുന്നു. പണം നൽകുമ്പോൾ ഷിബു ബേബി ജോണും ഉണ്ടായിരുന്നു. എന്നാൽ ഇത്രയും വർഷം കഴിഞ്ഞിട്ടും ഫ്ലാറ്റ് നിർമാണം മുന്നോട്ടുപോയില്ല. തുടർന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ചൂണ്ടിക്കാട്ടി അലക്സ് പരാതി നൽകിയിരുന്നു എന്നാൽ ആദ്യം സിവിൽ കേസാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് പരാതി എഴുതി തള്ളിയിരുന്നു. ഇതോടെ അലക്സ് പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതോടെയാണ് പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്.

അതേസമയം, പരാതിക്കെതിരെ ഷിബു ബേബി ജോൺ രംഗത്തെത്തി. താനോ തന്റെ കുടുംബമോ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും, കേസ് നിയമവിരുദ്ധമാണെന്നും ആണ് ഷിബു ബേബി ജോണ്‍ പ്രതികരിച്ചത്. നിര്‍മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഫ്ലാറ്റ് നിര്‍മിക്കുന്ന കമ്പനിയുമാണ് അഡ്വാൻസ് വാങ്ങിയവര്‍ക്ക് ഇടപാടെന്നും ഭൂമി നൽകുക മാത്രമാണ് തങ്ങള്‍ ചെയ്തിട്ടുള്ളെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഡെവലപ്പറെ സമീപിക്കണമെന്നാണ് കരാറിലുള്ളത്. നാലുവര്‍ഷത്തിനുള്ളിൽ ഫ്ലാറ്റ് നിര്‍മിച്ചു നൽകുമെന്ന് പറഞ്ഞ് കരാര്‍ വെച്ചിട്ടുള്ളതാണ്. എന്നാൽ, ഏഴുവര്‍ഷമായി പദ്ധതി നിലച്ച മട്ടാണ്. ഫ്ലാറ്റ് നിര്‍മാണത്തിന്‍റെ ഭാഗമായി ഒരു രൂപ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അവര്‍ ഏതാനും പേരിൽ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു. കമ്പനി പദ്ധതിയുമായി സമീപിച്ചപ്പോള്‍ അതിനുള്ള ഭൂമി കൈമാറുക മാത്രമാണ് ചെയ്തതെന്നും അതിലും തങ്ങള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പരാതി നൽകിയ വ്യക്തിയെ തനിക്ക് അറിയില്ല. പരാതിക്കാരനായ അലക്സിനെതിരെ മാനനഷ്‌ടകേസ് നൽകുമെന്നും നേരിട്ട് പോലും കണ്ടിട്ടില്ലാത്ത പരാതിക്കാരൻ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: