ഭോപ്പാല്‍: ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ ഭോപ്പാലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. അഹിന്ദുക്കളുടെ വീട്ടിലേക്ക് പോകുന്നത് പെണ്‍മക്കൾ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ അവരെ വിലക്കണമെന്നും അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയൊടിക്കണം എന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞത്.
പ്രജ്ഞസിങ് ഠാക്കൂറിൻ്റെ വാക്കുകൾ:
”നിങ്ങളുടെ മനസ്സിനെ കരുത്തുള്ളതാക്കണം. നമ്മുടെ പെണ്‍മക്കള്‍ നമ്മളെ അനുസരിക്കാതിരുന്നാല്‍, അവര്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍ അവളുടെ കാല് തല്ലിയൊടിക്കുന്ന കാര്യത്തിൽ മടി കാണിക്കരുത്. നമ്മുടെ മൂല്യത്തെ വിലമതിക്കാതിരിക്കുന്നവരെയും മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരിക്കുന്നവരെയും തീര്‍ച്ചയായും ശിക്ഷിക്കണം. മക്കളെ അവരുടെ നന്മ മുന്‍നിര്‍ത്തി തല്ലേണ്ടിവന്നാല്‍ അതില്‍നിന്ന് പിന്മാറേണ്ടതില്ല. മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് അവരുടെ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ്.
കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ അവരെ വിട്ടുകൊടുക്കില്ല. മൂല്യങ്ങൾ പിന്തുടരാത്ത, മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത, വീട്ടില്‍നിന്ന് ഓടിപ്പോകാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അവരെ വീട് വിടാന്‍ അനുവദിക്കരുത്. അടിച്ചോ പറഞ്ഞു മനസ്സിലാക്കിയോ സമാധാനിപ്പിച്ചോ സ്‌നേഹിച്ചോ ചീത്തപറഞ്ഞോ അവരെ തടയണം”.
അതേസമയം, പ്രജ്ഞയുടെ വിവാദ പ്രസ്താവനയെ തുടർന്ന് സമൂഹത്തിൽ വലിയ ചർച്ചകൾ ആരംഭിച്ചു. കോൺഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.


