തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം. പാരഡി ഗാനത്തിനെതിരെ ഇന്നലെയാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല പരാതി നൽകിയത്. പരാതിയിൽ അന്വേഷണം വേണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു. പരാതി ഡിജിപിക്ക് കെെമാറിയിട്ടുണ്ട്. പരാതിയിൽ പറയുന്നത് പോലെ പാരഡി ഗാനത്തിൽ വിശ്വാസത്തെ വൃണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായോയെന്ന് പരിശോധിക്കും. എന്നാൽ കേസെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് റിപ്പോർട്ട്.
നിയമോപദേശത്തിന് ശേഷമേ കേസെടുക്കുകയുള്ളൂ. അയ്യപ്പനെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പാട്ടെന്നും, മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും നടപടി ഉണ്ടാകണമെന്നും പരാതിയിൽ പറയുന്നു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും പരാതിയിൽ പറയുന്നു. കൂടാതെ പാട്ട് അയ്യപ്പനെ കൂടി വേദനിപ്പിച്ചു എന്നും പരാതിക്കാരൻ പറഞ്ഞു. ഭക്തരെ അപമാനിച്ചു പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.
യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ഈ പാട്ട് പാടിയ മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളാണ്. അദ്ദേഹം എഴുതിയ വരികൾ, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നൽകുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടർന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈർ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ് ചെയ്തത്. പുറത്തിറങ്ങിയതോടെ പാട്ട് നാട്ടിലെങ്ങും ഹിറ്റായി. ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് കല്ലുംമുള്ളും കാലിക്ക് മെത്തെ’ എന്ന പ്രശസ്തമായ ഭക്തിഗാനത്തിന്റെ ഈണത്തിലായിരുന്നു പാട്ടെഴുത്ത്.


