കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ പൂർണ്ണരൂപം പുറത്തുവന്നു. 1,711 പേജുകളുള്ള വിധിന്യായമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പുറത്തുവിട്ടത്. ‘ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ’ എന്ന ശ്രദ്ധേയമായ പരാമർശം വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ കേസിൽ ഒരു ഗൂഢാലോചന നടന്നതിന് വേണ്ടത്ര തെളിവുകൾ ഇല്ലെന്നാണ് വിധിപ്പകർപ്പിൽ കോടതി ചൂണ്ടിക്കാണിക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ്, ട്രയൽ കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങളും വിധിന്യായത്തിൽ നിഷേധിക്കപ്പെടുന്നു.
ഒമ്പതാം പ്രതിയായ മേസ്തിരി സനൽ, ജയിലിൽ വെച്ച് ഒന്നാം പ്രതി പൾസർ സുനിയുമായി ചേർന്ന് ഗൂഢാലോചന നടത്തി എന്ന ആരോപണവും തെളിവില്ലാത്തതിനാൽ കോടതി തള്ളിയിട്ടുണ്ട് (വിധിന്യായത്തിലെ 1547-ാം പേജ്). ദിലീപ് ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതിന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സമർപ്പിച്ച രേഖകൾ അടിസ്ഥാനരഹിതമാണെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്.
വിധിന്യായത്തിന്റെ 1,110-ാം ഭാഗം മുതൽ, ദിലീപിനെ കുറ്റവിമുക്തനാക്കിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നുണ്ട്. ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിധിന്യായത്തിൽ എടുത്തുപറയുന്നു.
കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയടക്കം ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവാണ് കോടതി വിധിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ പ്രഖ്യാപിച്ചത്. പൾസർ സുനിയെ കൂടാതെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരേ തെളിയിക്കപ്പെട്ടിട്ടുള്ളത്.
ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; 1,711 പേജുള്ള വിധിപ്പകർപ്പ് പുറത്ത്

