Headlines

രാമക്ഷേത്ര നിർമ്മാണത്തിലൂടെയാണ് ഇന്ത്യയിൽ യഥാർത്ഥ സ്വാതന്ത്രം സ്ഥാപിതമായത്; വിവാദ പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്


ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിലൂടെയാണ് ഇന്ത്യയിൽ യഥാർത്ഥ സ്വാതന്ത്രം സ്ഥാപിതമായതെന്ന വിവാദ പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്ര പ്രതിഷ്ഠാദിനം ‘പ്രതിഷ്ഠാ ദ്വാദശിയായി’ ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഡോറിൽ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കവെ ആയിരുന്നു മോഹൻ ഭാഗവതിന്റെ ഈ പരാമർശം.


2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അയോദ്ധ്യയിലെ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. നൂറ്റാണ്ടുകളായി ശത്രു ആക്രമണം നേരിട്ട ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലായിരുന്നുവെന്നും രാമക്ഷേത്രത്തിനായി നടത്തിയ ശ്രമങ്ങൾ ആർക്കും എതിരെയുള്ളതായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ സ്വത്വത്തെ ഉയർത്തെഴുന്നേൽപ്പിക്കാനും ലോകത്തെ നയിച്ചുകൊണ്ട് സ്വതന്ത്രമായി നിലനിൽക്കാൻ രാജ്യത്തെ പ്രാപ്തരാക്കാനും വേണ്ടിയുള്ളതായിരുന്നുവെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വലിയ ആഘോഷ പരിപാടികൾ യുപി സർക്കാർ നടത്തിയിരുന്നു. ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ആരംഭം കുറിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാംലല്ല പ്രതിഷ്ഠയിൽ അഭിഷേകം നടത്തിയതോടെയായിരുന്നു. മൂന്നു ദിവസം നീണ്ടുനിന്ന പരിപാടികൾക്ക് സമാപനം കുറിച്ചത് ഇന്നലെയായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: