വാടക വീട്, 2 യുവാക്കൾ’; എത്തിയപ്പോൾ കണ്ടെത്തിയത് രണ്ട് കോടിയുടെ മയക്കുമരുന്നുകൾ, രക്ഷപ്പെട്ടവർക്കായി അന്വേഷണം

കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ച് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കള്‍. കോഴിക്കോട് പുതിയങ്ങാടി എടക്കല്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് രണ്ട് കോടിയോളം വില വരുന്ന ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയപ്പോള്‍ വീട്ടിലുണ്ടായിരുന്നു യുവാക്കള്‍ ഓടി രക്ഷപ്പെട്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലപ്പുറം, താമരശ്ശേരി സ്വദേശികളാണ് ഇവരെന്ന് വ്യക്തമായിട്ടുണ്ട്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ബീച്ച്, മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നവരാണ് ഇവര്‍. യാതൊരു രേഖകളും വാങ്ങാതെയാണ് വീട്ടുടമ ഇവര്‍ക്ക് വീട് വാടകക്ക് നല്‍കിയതെന്നും പൊലീസ് പറഞ്ഞു.

പരിശോധനയില്‍ 779 ഗ്രാം എം.ഡി.എം.എയും ടാബ്ലറ്റ് രൂപത്തിലുള്ള 6.15 ഗ്രാം എക്സ്റ്റസി, 80 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്. കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനൂജ് പുലിവാളന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും, വെള്ളയില്‍ എസ്.ഐ എല്‍. ജബ്ബാറിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. ഡാന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ കെ. അബ്ദുറഹ്മാന്‍, കെ. അഖിലേഷ്, ജിനേഷ് ചൂലൂര്‍, സനോജ് കാരയില്‍, സരുണ്‍, ശ്രീശാന്ത്, ഷിനോജ്, ലതീഷ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു. രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: