സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ യാത്രയയപ്പു ചടങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ യാത്രയയപ്പു ചടങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. ഭരതന്നൂർ ഗവ. എച്ച്എസ്എസ് ഹിന്ദി അധ്യാപകൻ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയിൽവിളവീട്ടിൽ എസ്. പ്രഫുലൻ (56) ആണ് മരിച്ചത്. യാത്രയയപ്പു ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയതിന് പിന്നാലെയാണ് പ്രഫുലൻ മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 10.30-ന് വീട്ടുവളപ്പിൽ നടക്കും.

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സ്കൂളിൽനിന്നു വിരമിക്കുന്ന പ്രഫുലനും ഇവിടെനിന്നു മറ്റ്‌ സ്കൂളുകളിലേക്കു സ്ഥലംമാറ്റം ലഭിച്ച എട്ട് അധ്യാപകർക്കുമാണ് സ്കൂളിൽ യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചത്. യോഗത്തിൽ മറുപടി പ്രസംഗം നടത്തിയ പ്രഫുലൻ തിരികെ വന്ന് കസേരയിലിരുന്നതിന് പിന്നാലെ അബോധാവസ്ഥയിലാകുകയായിരുന്നു.

പ്രഫുലൻ മടങ്ങിയെത്തി കസേരയിൽ ഇരുന്നതിന് പിന്നാലെ മറ്റൊരധ്യാപകൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ നിശ്ചലമായിരിക്കുന്ന ഇദ്ദേഹത്തെക്കണ്ട് സഹപ്രവർത്തകർ അടുത്തെത്തി കുലുക്കിവിളിക്കുമ്പോഴാണ് അബോധാവസ്ഥയിലാണെന്നു മനസ്സിലാക്കിയത്. ഉടൻതന്നെ പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഭരതന്നൂർ സ്കൂളിൽ പൊതുദർശനത്തിനുവെച്ചശേഷം നാലുമണിയോടെ ചെമ്പകമംഗലത്തെ വീട്ടിലേക്കു കൊണ്ടുപോയി.

ഭാര്യ: കെ. സിന്ധു (ആനച്ചൽ ഗവ. യുപിഎസ് അധ്യാപിക). വിൽപ്പാട്ട്, കഥാപ്രസംഗം തുടങ്ങിയ കലകളിലൊക്കെ സജീവ സാന്നിധ്യമായിരുന്ന പ്രഫുലൻ മറുപടിപ്രസംഗത്തിൽ നാലുവരി കവിതകൂടി പാടിയാണ് വേദി ഒഴിഞ്ഞത്. തൊട്ടുമുന്നിൽ യാത്രയയപ്പ്‌ സമ്മേളനത്തിൽ വികാരാധീനനായി സംസാരിച്ച സഹപ്രവർത്തകന്റെ വിയോഗം ഇപ്പോഴും കൂടെയുള്ളവർക്ക് ഉൾക്കൊള്ളാനായിട്ടില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: