കൊച്ചി: എറണാക്കുളം പൂക്കാട്ടുപടിയിൽ വാഹനാപകടം. കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കോളജ് ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ബസിലുണ്ടായിരുന്ന നാല് വിദ്യാർഥികളും പരിക്കേറ്റിട്ടുണ്ട്. ആലുവ ജയ്ഭാരത് കോളേജിലെ ബസും കോതമംഗലം ആലുവ റൂട്ടിൽ ഓടുന്ന റെയ്ഹാൻ എന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന്. ഡ്രൈവറുടെ കാൽ കാബിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് നാട്ടുകാർ ഡ്രൈവറെ രക്ഷപ്പടുത്തി ആശുപത്രിയിൽ എത്തിച്ചത്. കാലിന് സാരമായ പരിക്കുണ്ടെന്നാണ് വിവരം. അതേസമയം പരിക്കേറ്റ വിദ്യാർഥികളുടെ ആരോഗ്യനില ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സ്വകാര്യ ബസിലെ ചില യാത്രക്കാർക്കും പരിക്കുണ്ട്. എന്നാൽ ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.

