റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ചില ആളുകൾ അമാനുഷികരാകാനും പിന്നീട് ഭഗവാൻ ആകാനും ആഗ്രഹിക്കുന്നുവെന്നു ആർഎസ്എസ് തലവന്‍റെ വിമർശനം. ഝാർഖണ്ഡിൽ വികാസ് ഭാരതി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്‍റെ പരോക്ഷ വിമർശനം.
ചിലർക്ക് സൂപ്പർ മാൻ ആകണമെന്നു ആഗ്രഹമുണ്ട്. പിന്നീട് ദേവതയാകാനും അതിനു ശേഷം ഭഗവാൻ ആകണമെന്നും തോന്നും. ഭഗവാനായാൽ പിന്നെ വിശ്വരൂപം ആകാനും ആഗ്രഹിക്കുന്നു. ഇത് എവിടെ ചെന്നാണ് അവസാനിക്കുക എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ ഭാവിയിൽ ഒരു ആശങ്കയുമില്ല. പുരോഗതിക്കായി എല്ലാവരും കൂട്ടായി പ്രവർത്തിക്കുകയാണ് വേണ്ടത്. അതിന്‍റെ ഫലം തീർച്ചയായും ലഭിക്കുമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ബിജെപിയും ആർഎസ്എസും തമ്മിൽ അസ്വാരസ്യമുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് ഇപ്പോൾ മോഹൻ ഭാഗവതിന്‍റെ പരോക്ഷ പരിഹാസം. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മോദി, തന്‍റെ ജനനം ജൈവീകമല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നും പറഞ്ഞിരുന്നു.

