ന്യൂഡല്‍ഹി: പുതിയ ബിജെപി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കില്ല. ജൂലായില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് അധ്യക്ഷനെ പ്രഖ്യാപിക്കും എന്നായിരുന്നു സൂചനയെങ്കിലും ഓഗസ്റ്റ് 15ന് ശേഷം മാത്രമായിരിക്കും ഇനി തിരഞ്ഞെടുക്കുന്നത് എന്നാണ് സൂചന. 2023ല്‍ കാലാവധി കഴിഞ്ഞിട്ടും ബിജെപി അധ്യക്ഷ സ്ഥാനത്ത് ജെ പി നദ്ദ തന്നെ തുടരുകയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുമ്പോള്‍ അധ്യക്ഷ പ്രഖ്യാപനം നീണ്ടുപോകുന്നതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.
ആര്‍എസ്എസും ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന. ധര്‍മ്മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, ശിവരാജ് സിംഗ് ചൗഹാന്‍ എന്നീ പേരുകളാണ് പരിഗണനയില്‍ എന്ന വിവരവും പുറത്തുവരുന്നുണ്ട്. നിർമല സീതാരാമൻ ഉൾപ്പെടെയുള്ള വനിതാ നേതാക്കളെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇപ്പോഴുള്ള അനിശ്ചിതത്വം ആര്‍എസ്എസിന്റെ അതൃപ്തി കൊണ്ടാണെന്നാണ് സൂചന.
