Headlines

പഠനയാത്രയ്ക്കായി സ്കൂൾ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയത് പിക്കപ്പ് ട്രക്കിലും, ടിപ്പറിലും; പ്രധാനാധ്യാപകന് സസ്പെൻഷൻ, സംഭവം കർണാടകയിൽ

ബംഗളൂരു: കർണാടകയിലെ ബലഞ്ജെ ഗ്രാമത്തിൽ തിങ്കളാഴ്ച സ്കൂൾ കുട്ടികളെ തുറന്ന പിക്കപ്പ് ട്രക്കിലും ടിപ്പറിലും പഠനയാത്രയ്ക്കായി കൊണ്ടുപോയ സംഭവം രക്ഷിതാക്കളിലും നാട്ടുകാരിലും പ്രതിഷേധത്തിന് ഇടയാക്കി. ഇതേ തുടർന്ന് സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 11നാണ് സംഭവം നടക്കുന്നത്

ബലഞ്ജെയിലെ സര്‍ക്കാര്‍ ഹയർ പ്രൈമറി സ്കൂളിന്റെ ഇൻ-ചാർജ് ഹെഡ്മാസ്റ്ററായ കിരണിനെയാണ് സസ്‌പെൻഡ് ചെയ്തത്. കുട്ടികളെ നൽകൂറിനടുത്തുള്ള തേനീച്ച വളര്‍ത്തൽ ഫാമിലേക്ക് കൊണ്ടുപോയതാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രോഷത്തിനിടയാക്കിയത്. പൊരിവെയിലത്ത് കുട്ടികൾ ചരക്ക് വാഹനങ്ങളിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ വിദ്യാര്‍ഥികൾ ടിപ്പറിലും ട്രക്കിലും കയറുന്നതിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

എഴുപതോളം കുട്ടികളും ഏതാനും അധ്യാപകരുമുണ്ടായിരുന്നു. വിദ്യാര്‍ഥികളെ അതേ വാഹനങ്ങളിൽ തന്നെയാണ് സ്കൂളിൽ തിരിച്ചെത്തിയത്. കുട്ടികളെ സൗജന്യമായി ഫാമിലേക്ക് കൊണ്ടുപോകാൻ ചില പൂർവ വിദ്യാർത്ഥികൾ വാഗ്ദാനം ചെയ്തതായും മാതാപിതാക്കൾ സമ്മതം നൽകിയതായും പ്രധാനാധ്യാപകൻ അവകാശപ്പെട്ടതായി ബിഇഒ പറഞ്ഞു.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അലസമായിട്ടാണ് പഠനയാത്ര സംഘടിപ്പിച്ചതെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. ഇത്രയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കുട്ടികളെ യാത്ര ചെയ്യാൻ സ്കൂൾ അധികാരികൾ എങ്ങനെ അനുവദിച്ചുവെന്ന് ചോദിച്ചു. ഫീൽഡ് ട്രിപ്പിന് വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്നും തുറന്ന ഗുഡ്‌സ് വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നത് നിയമങ്ങൾ ലംഘിച്ച് ഗുരുതരമായ സുരക്ഷാ അപകടമുണ്ടാക്കുമെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.

സംഭവം പുറത്തറിഞ്ഞതോടെ കർണാടക വിദ്യാഭ്യാസ വകുപ്പ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം കൂടുതൽ വകുപ്പുതല നടപടികൾക്ക് സാധ്യതയുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: