ഭുവനേശ്വർ: കാമുകിയെ സ്വന്തം പണം മുടക്കി പഠിപ്പിച്ചു. അധ്യാപികയായി ജോലി കിട്ടിയതോടെ പഠിപ്പിച്ച കാമുകനെ യുവതി ഉപേക്ഷിച്ചു. ഇതോടെ യുവാവ് ജീവനൊടുക്കുകയും ചെയ്തു. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലെ കൊളാത്തളയിലാണ് സംഭവം. ചതുർഭുജ് ദാസ് എന്ന യുവാവാണ് മരിച്ചത്.
14 വർഷമായി തുടർന്ന പ്രണയമാണ് യുവാവിന്റെ ആത്മഹത്യയിൽ കലാശിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ യുവതി പഠിക്കാൻ മിടുക്കിയായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ ഇരുവരും തമ്മിൽ പരിചയപ്പെട്ടിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും പഠനത്തിലുള്ള താത്പര്യം മനസ്സിലാക്കിയാണ് യുവാവ് കാമുകിയെ സഹായിക്കാൻ തീരുമാനിച്ചത്.
യുവതിയുടെ പഠനത്തിനായി കാമുകൻ പണം മുടക്കുകയും മറ്റ് ചെലവുകൾ ഏറ്റെടുക്കുകയുമായിരുന്നു. യുവതിക്ക് സർക്കാർ ജോലി ലഭിക്കുന്നത് വരെ കാര്യങ്ങൾ എത്തിയിരുന്നു. അധ്യാപികയായി ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ യുവതി ബന്ധം അവസാനിപ്പിക്കാനും വിവാഹത്തിൽ നിന്ന് പിൻമാറാനും തീരുമാനിക്കുകയും ഇത് ചതുർഭുജ് ദാസിനെ അറിയിക്കുകയും ചെയ്തു.
സർക്കാർ ഹൈസ്കൂളിൽ ജോലി ലഭിച്ചതിന് പിന്നാലെ കാമുകി തന്നെ ഉപേക്ഷിച്ചതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് ചതുർഭുജിന്റെ കുടുംബം ആരോപിച്ചു. ജോലി ലഭിച്ചതിന് ശേഷം കാമുകി ചതുർഭുജിൽ നിന്ന് അകലുകയും ഏറെക്കാലമായി ചർച്ചയിലുണ്ടായിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചു


