കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ യുവതി പീഡനത്തിനിരയായതായി പരാതി. മകൻ്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിന് പുറപ്പെട്ട യുവതിയെ യാത്രാമധ്യേ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചുവെന്നാണ് ആരോപണം. ബാലത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും ഭർത്താവിന് അയച്ചുകൊടുക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ 22 കാരനെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു.
2025 നവംബർ 21നാണ് കേസിനാസ്പദമായ സംഭവം. മകൻ്റെ സുഹൃത്തായ യുവാവിനൊപ്പം കോഴിക്കോട് പോയ യുവതി അന്ന് നഗരത്തിലെ ഒരു ലോഡ്ജിലാണ് താമസിച്ചതെന്ന് പരാതിയിൽ പറയുന്നു. അവിടെവച്ച് യുവാവ് ബാലത്സംഗം ചെയ്തതായും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും യുവതി ആരോപിക്കുന്നു.
പിന്നീട് രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും, ഇതിനെത്തുടർന്നാണ് പൊലീസ് സമീപിച്ചതെന്നും യുവതി അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, സംസ്ഥാനത്തെ നടുക്കിയ പ്രവാസി കൊലപാതക കേസിലെ പ്രതികളിൽ ഒരാളാണ് പരാതിക്കാരി. കണ്ണൂർ–കാസർഗോഡ് ജില്ലകളുമായി ബന്ധപ്പെട്ട് നടത്തിയ കൂടോത്രം സംബന്ധിച്ച കൊലപാതക ആചാരങ്ങളുമായി ബന്ധപ്പെട്ട സംഘമാണ് പൊലീസ് കണ്ടെത്തിയത്. 2023 ഏപ്രിൽ 14നാണ് പ്രവാസിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് 20 മാസങ്ങൾക്ക് ശേഷം, 2024 ഡിസംബറിൽ പ്രതികളെ അറസ്റ്റ് ചെയ്തു.


