തിരുവനന്തപുരം: തെരുവ് നായ കുറുകെ ചാടി ഉണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. കോട്ടുകാൽ പുന്നവിള റോഡരികത്ത് മരിയൻ വില്ലയിൽ എ ജോസ് (60) ആണ് മരണപ്പെട്ടത്. ജോസ് ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടത്തിൽ ജോസിന് തലക്ക് സഹിതം ഗുരുതര പരിക്കേറ്റിരുന്നു.
കഴിഞ്ഞ മാസം 27ന് ഉച്ചയ്ക്ക് ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ പുന്നവിള ഭാഗത്തു വച്ചു നായ പെട്ടെന്ന് കുറുകെ ചാടിയായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. പുളിങ്കുടിയിലെ സ്വകാര്യ റിസോർട്ടിലെ മാനേജർ ആയിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം അടിമലത്തുറ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ നടക്കും. വിഴിഞ്ഞം പൊലീസ് കേസെടുത്തു.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് മുമ്പും പല വാഹനങ്ങളും സമാന അപകടത്തിൽ പെട്ടിട്ടും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ല. സമീപത്തെ സ്കൂളിന് സമീപം കൂട്ടം കൂടി നിൽക്കുന്ന തെരുവു നായ്ക്കൾ വിദ്യാർഥികൾക്കടക്കം ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു.
മറ്റൊരു സംഭവത്തിൽ രണ്ടാഴ്ച മുൻപ് തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരണപ്പെട്ടിരുന്നു. കടയ്ക്കാവൂർ സ്വദേശിയും ജാൻപോൾ, പ്രവിന്ധ്യ ദമ്പതികളുടെ മകളുമായ സഖി (11) ആണ് മരിച്ചത്. പിതാവ് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് സഖി വാഹനത്തിന്റെ അടിയിൽപ്പെടുകയായിരുന്നു. സ്കൂളിലെ പി.റ്റി.എ മീറ്റിംഗ് കഴിഞ്ഞ് പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ അമ്മയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി തെരുവ് നായ കുറുകെ ചാടിയപ്പോൾ മറ്റൊരു സൈഡിലേക്ക് ഓട്ടോ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം തെറ്റി വാഹനം മറിയുകയായിരുന്നു.
തെരുവ് നായ ബൈക്കിന് കുറുകെ ചാടി; അപകടത്തിൽ വയോധികന് ദാരുണാന്ത്യം

