വെമ്പായം:വെമ്പായം ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡൻ്റ് സ്ഥാനവും എൽഡിഎഫിന് . നെടുവേലി വാർഡ് അംഗവും എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം രാഹുൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.എൽഡിഎഫിനും യുഡിഎഫിനും 8 അംഗങ്ങൾ വീതമുള്ള ഭരണസമിതിയിൽ നറുക്കെടുപ്പിലൂടെയാണ് എം രാഹുൽ വൈസ് പ്രസിഡൻ്റ് ആയത്. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 5 വോട്ടും എൽഡിഎഫിനും യുഡിഎഫിനും 8 വോട്ട് വീതവും ലഭിച്ചു.എസ്ഡിപിഐ അംഗങ്ങളുടെ വോട്ട് അസാധുവായി. തുടർന്നാണ് നറുക്കെടുപ്പ് നടന്നത്.രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വട്ടപ്പാറ വാർഡ് അംഗം കണക്കോട് ഭുവനചന്ദ്രൻ്റെ വോട്ട് അസാധുവായതിനെ തുടർന്ന് എൽഡിഎഫിലെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം അമിതാബാബു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞതവണ നഷ്ടമായ പഞ്ചായത്ത് എൽഡിഎഫ് തിരികെ പിടിക്കുകയും വിദ്യാർത്ഥി സംഘടനാ നേതാക്കൾ പഞ്ചായത്തിൻ്റെ അമരത്ത് എത്തുന്ന അപൂർവ്വ നേട്ടമാണ് വെമ്പായം പഞ്ചായിലുള്ളത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ കന്യാകുളങ്ങരയിൽ പ്രകടനം നടത്തി.സിപിഐ എം ഏര്യാ സെക്രട്ടറി കെ പി പ്രമോഷ്,സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഫെരീഫ്, എൽഡിഎഫ് കൺവീനർ വി ബി ജയകുമാർ, എൽഡിഎഫ് നേതാക്കളായ അനുജ എ ജി, ബിജുകുമാർ, ഷീലജ,ലിജു, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.


