കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു. ഇന്ദിരാ ഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. പുതിയ കെപിസിസി അധ്യക്ഷന് ചുമതല കൈമാറുന്ന ചടങ്ങിൽ തന്റെ കാലയളവിലെ നേട്ടങ്ങൾ കെ സുധാകരൻ എണ്ണിയെണ്ണിപറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടായെന്നും കെ. സുധാകരൻ പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ഇന്ന് ചുമതലയേല്‍ക്കും.


എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ചടങ്ങില്‍ പങ്കെടുത്തു. ചുമതലയേല്‍ക്കുന്നതിന് മുമ്പായി പുതിയ കെപിസിസി നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ചിരുന്നു. സണ്ണി ജോസഫ്, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയത്. പുതിയ നേതൃത്വം കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയുടെയും കെ കരുണാകരന്റെയും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാൽ ഈ മാസത്തോടെ കോൺഗ്രസ് പുനഃസംഘടന പൂർത്തിയാക്കാൻ ആണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരെ ഉടൻ നിശ്ചയിക്കും. ജില്ലാപ്രസിഡന്റുമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. എഐസിസി നടത്തിയ പരിശോധനയിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ പ്രവർത്തനമേ മികച്ചതായി കണ്ടെത്തിയിട്ടുള്ളൂ. അതിനാൽ, തിരഞ്ഞെടുപ്പിനു മുൻപ്‌ ജില്ലകളിലും പുതിയ സംഘടനാ സംവിധാനം ഒരുക്കണമെന്നാണ് എഐസിസിക്ക് ലഭിച്ചിട്ടുള്ള റിപ്പോർട്ട്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സംബന്ധിച്ച് ഒരു പദ്ധതിരേഖ കോൺഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിന് പ്രത്യേകം ചുമതലക്കാരെ നിശ്ചയിക്കും.

യുവനിരയെ ഇതിനായി നിയോഗിക്കണമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. നിയമസഭയിലേക്ക് ജയിക്കുമെന്ന് കണക്കാക്കുന്ന മണ്ഡലങ്ങളിലെ തദ്ദേശതലത്തിലുള്ള പ്രവർത്തനം പ്രത്യേകമായാണ് കണക്കാക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടൽ, പ്രാദേശിക പ്രശ്നങ്ങളറിഞ്ഞ് ജനങ്ങൾക്കൊപ്പം നിൽക്കുക, സർക്കാരിന്റെ വീഴ്ചകൾ ബോധ്യപ്പെടുത്തുക എന്നിവയെല്ലാം ആദ്യഘട്ട പ്രവർത്തനത്തിൽത്തന്നെ ഉൾപ്പെടുത്തേണ്ടതാണെന്നാണ് കർമപദ്ധതിയിലുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് വിദഗ്ധരുടെ സഹായത്തോടെയാണ് കർമപരിപാടി തയ്യാറാക്കിയിട്ടുള്ളത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: