പത്തനംതിട്ട കോന്നിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചപ്രതി പിടിയിൽ

കോന്നി: പത്തനംതിട്ട കോന്നിയിൽ യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും ഇടിവളയുപയോഗിച്ച് മൂക്കിലിടിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കേസിലെ രണ്ടാംപ്രതിയായ തെങ്ങുംകാവ് പന്നിക്കണ്ടം ഇളപ്പിന്റെ വടക്കേതിൽ വീട്ടിൽ ശ്രീരാജ് എസ്. നായർ (29) ആണ് അറസ്റ്റിലായത്. ഇടിയിൽ യുവാവിന്റെ മൂക്കിലെ അസ്ഥി പൊട്ടിക്കുകയും ഗുരുതരമായി പരിക്കേൽക്കും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം. അട്ടച്ചാക്കൽ പള്ളി പെരുന്നാളിനോടനുബന്ധിച്ച ലൈറ്റ് ഡെക്കറേഷൻ കണ്ട് തിരികെ മടങ്ങുകയായിരുന്ന യുവാവിനെയാണ് പ്രതികൾ കോന്നി ടൗണിൽ വെച്ച് ദേഹോപദ്രവമേല്പിച്ചത്. ഇടിവള കൊണ്ട് മൂക്കിനിടിച്ചതിനാൽ അസ്ഥിക്ക് പൊട്ടൽ സംഭവിച്ച യുവാവ് ചികിത്സയിലാണ്.

റോഡരികിൽ നിന്നിരുന്ന മദ്യപാനിയെ തടഞ്ഞുവെച്ച് കളിയാക്കുകയായിരുന്ന സംഘത്തോട് അതേകുറിച്ച് ചോദിച്ച യുവാവിനെ ഇവർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. രണ്ടാം പ്രതിയാണ് അറസ്റ്റിലായ ശ്രീരാജ്.

ഒളിവിൽപ്പോയ മറ്റു പ്രതികളെ പിടികൂടാനുണ്ട്. കോന്നി പൊലീസ് സബ്ഇൻസ്പെക്ടർ ശ്യാം എസ്.എസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ മുജീബ്റഹ്മാൻ, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് രണ്ടാം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ ഇന്നലെ അമ്പലപ്പുഴയിൽ കടയിൽ കയറി വ്യാപാരിയെ മർദ്ദിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വളഞ്ഞ വഴിയൂണിറ്റംഗം ഷാക്കിറിനാണ് മർദനമേറ്റത്. വളഞ്ഞവഴി ജംഗ്ഷനിന് സമീപം വസ്ത്ര വ്യാപാരം ചെയ്യുന്ന ഷാക്കിറിനെ നാലംഗ സംഘം ഇരുമ്പു വടി ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി മർദിക്കുകയും കടയിലെ സാധനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുകയായിരുന്നു. ഷാക്കിർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടിരുന്നു. ഇതിന്റെ പേരിലായിരുന്നു അക്രമം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: