പുനലൂര്‍ : കൊല്ലം-ചെങ്കോട്ട പാതയിലോടുന്ന തീവണ്ടികളില്‍ വീണ്ടും മോഷണം. മധുരൈ-ഗുരുവായൂര്‍ തീവണ്ടിയില്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ അതിഥി തൊഴിലാളി റെയില്‍വേ പോലീസിന്റെ പിടിയില്‍. ബീഹാര്‍ സ്വദേശി രോഹിത് (22) ആണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം.
തീവണ്ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷിന് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് മോഷണം വെളിച്ചത്തായത്. പരസ്പരവിരുദ്ധമായി സംസാരിച്ച രോഹിതിനെ പുനലൂര്‍ സ്റ്റേഷനിലെത്തിച്ച് ദ്വിഭാഷിയായ ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്റെ സഹായത്തോടെ എസ്.എച്ച്.ഒ. ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ബാഗ് പരിശോധിച്ചപ്പോള്‍ പുതപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണും കണ്ടെത്തി. ഇതിലേക്ക് വന്ന കാള്‍ പരിശോധിച്ചപ്പോഴാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് മനസിലാക്കിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒരുമാസമായി ചെങ്കോട്ടയില്‍ താമസിച്ചുവരികയായിരുന്ന ഇയാളുടെ പേരില്‍ സമാനമായ മറ്റു കേസുകളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 18-ന് പാലക്കാട്ട് നിന്നും തൂത്തുക്കുടിക്ക് പോയ പാലരുവി എക്സ്പ്രസിലും സമാനരീതിയില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ പാവറട്ടി സ്വദേശി അജ്മലി(26)നെ അറസ്റ്റുചെയ്യുകയും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പാലരുവി എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വയോധിക ദമ്പതിമാരുടെ പക്കല്‍ നിന്നും 14 പവന്‍ സ്വര്‍ണമടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ ചെങ്കോട്ട സ്വദേശി കണ്ണന്‍ (55) അറസ്റ്റിലായിരുന്നു.
