ന്യൂഡൽഹി: ടി20 ടീമിൽ വീണ്ടും ഇടം നേടി മലയാളിതാരം സഞ്ജു സാംസൺ. അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയക്കുള്ള ഇന്ത്യനെ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് സഞ്ജു സാംസണെ തിരിച്ച് വിളിച്ചത്. വിരാട് കോലി ഉൾപ്പടെയുള്ള ടീമിനെ രോഹിത് ശർമയാണ് നയിക്കുന്നത്. 16 അംഗങ്ങളാണ് ടീമിലുള്ളത്. ഒരു മാസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.
ജിതേഷ് ശർമയ്‌ക്കൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഏകദിനത്തിൽ സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയിരുന്നു. 2022ലെ ട്വന്റി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങൾ കളിച്ചിരുന്നില്ല.
ഈ മാസം 11ന് ആണ് അഫ്ഗാനിസ്താനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങളാണ് ഉള്ളത്. 14നും 17നുമാണ് പരമ്പരയിലെ മറ്റു രണ്ടു മത്സരങ്ങൾ നടക്കുന്നത്. അഫ്ഗാനിസ്താൻ നേരത്തെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ബ്രാഹിം സദ്രാൻ നയിക്കുന്ന ടീമിൽ മുജീബ് ഉർ റഹ്‌മാൻ, മുഹമ്മദ് നബി, നവീൻ ഉൽ ഹഖ് എന്നിവരിടം നേടിയിട്ടുണ്ട്. അതേസമയം പരുക്കിന്റെ പിടിയിലായ സ്പിന്നാർ റാഷിദ് ഖാൻ കളിക്കില്ല.
ഇന്ത്യൻ സ്ക്വാഡ്: രോഹിത് ശർമ്മ (C), എസ് ഗിൽ, വൈ ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (WK), സഞ്ജു സാംസൺ (WK), ശിവം ദുബെ, ഡബ്ല്യു സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് , അവേഷ് ഖാൻ, മുകേഷ് കുമാർ.
