പുനലൂർ: ചന്ദനം മുറിച്ച കടത്തിയ കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികളെ വനപാലകർ അറസ്റ്റ് ചെയ്തു. ചെങ്കോട്ട കർക്കുടി സ്ട്രീറ്റ് നമ്പർ മൂന്ന് അണ്ണാതെരുവിൽ ഡോർ നമ്പർ 4-4-8ൽ മണികണ്ഠൻ (27), അജിത്കുമാർ (22), ഡോർ 4-4-48ൽ എം. കുമാർ (35) എന്നിവരാണ് പിടിയിലായത്. ആര്യങ്കാവ് കടമാൻപാറ ചന്ദനക്കാട്ടിലാണ് സംഭവം. കഴിഞ്ഞദിവസം ചന്ദനക്കാട്ടിലെ വാച്ചർമാർ നടത്തിയ അന്വേഷണത്തിലാണ് മരം മുറിച്ചുകടത്തിയതു കണ്ടെത്തിയത്. ഏറെക്കാലങ്ങളായി പ്രതികൾ അനിയന്ത്രിതമായി ചന്ദന തടികൾ കടത്തിയിരുന്നു. രാത്രയിലാണ് പ്രതികൾ സംരക്ഷിത മേഖലയിൽ പ്രവേശിച്ച് ചന്ദനം മുറിച്ച് കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
അടുത്ത കാലത്തായി ചെറുതും വലുതുമായി നിരവധി ചന്ദനം കടമാൻപാറയിൽ നിന്നും മോഷണം പോയിരുന്നു. ചന്ദനത്തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറ ദൃശ്യങ്ങളും മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പുളിയറയിൽ നിന്നും ഇവർ പിടിയിലായത്. തെന്മല ഡി.എഫ്.ഒ ഷാനവാസിന്റെ നിർദേശത്തിൽ തെന്മല, ആര്യങ്കാവ് റേഞ്ചിലെ സേനാംഗങ്ങളുടെ പ്രത്യേക സംഘമാണ് നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും ചന്ദനമുട്ടികളും മാരാകായുധങ്ങളും കണ്ടെടുത്തു.
മറയൂർ കഴിഞ്ഞാൽ സംസ്ഥാനത്തെ വിസ്തൃതിയിൽ രണ്ടാമത്തെ സംരക്ഷിത ചന്ദനത്തോട്ടമാണ് കടമാൻപാറയിലേത്. 23 ചതുരശ്ര കിലോമീറ്റർ പരിധിയിൽ തമിഴ്നാട് അതിർത്തിയിലെ പശ്ചിമഘട്ട മലനിരകളിലാണ് ഈ ചന്ദന തോട്ടം. കടമാൻപാറയിൽ 127 ഹെക്ടറിലും ചേനഗിരിയിലും കോട്ടവാസലിലുമായി 30 ഹെക്ടറിൽവീതവുമാണ് ചന്ദനം വളരുന്നത്. ഇവിടെ സംസ്ഥാന അതിർത്തി വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ഫയർലൈൻ തെളിച്ച ഭാഗവും പാറയിൽ രേഖപ്പെടുത്തിയ അടയാളവുമാണ് ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി കണക്കാക്കുന്നത്. തമിഴ്നാടിന്റെ ഭാഗത്തും ചന്ദന മരങ്ങൾ നിൽപ്പുണ്ട്. തമിഴ്നാട് വനഭാഗത്ത് കൂടി മാരകായുധങ്ങളുമായി കൊള്ളസംഘം കടമാൻപാറയിൽ എത്തി ചന്ദനം മുറിച്ചു കടത്തുകയാണ് പതിവ്. ചന്ദനം കൊള്ള നടത്തുന്നതിന് കർക്കുടി കേന്ദ്രീകരിച്ച് നിരവധി സംഘങ്ങൾ സജീവമാണ്.


