2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ മുഹമ്മദ് സംവിധാനം നിർവ്വഹിച്ച ചിത്രമാണിത്. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി രിരഞ്ഞെടുക്കപ്പെട്ടു. നസ്രിയ നസീമും (ചിത്രം സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കലും (ചിത്രം തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.
അതേസമയം സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വർഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ചലച്ചിത്ര നിരൂപണരംഗത്ത് 50 വര്‍ഷവും എഴുത്ത് ജീവിതത്തില്‍ 60 വര്‍ഷവും പിന്നിടുന്ന ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവും ചലച്ചിത്രനിരൂപകനും സംവിധായകനുമായ ശ്രീ വിജയകൃഷ്ണന് സമ്മാനിക്കും. അഭിനയത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട നടിയും നിര്‍മ്മാതാവുമായ സീമയ്ക്കാണ് ചലച്ചിത്രപ്രതിഭാ പുരസ്‌കാരം.
അഭിനയത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട നടിയും നിര്‍മ്മാതാവുമായ സീമ, നിര്‍മ്മാതാവെന്ന നിലയ്ക്ക് മലയാള സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ജൂബിലി ജോയ് തോമസ്, അഭിനയ ജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്കു കടക്കുന്ന ബാബു ആന്റണി, മുതിര്‍ന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, ദക്ഷിണേന്ത്യന്‍ സിനിമയിലെ തലമുതിര്‍ന്ന സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്.
