തൃശൂർ: തൃശൂരിൽ നിർത്തിയിട്ട കാറിൽ ഉടമയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ പ്രതി അറസ്റ്റിൽ. ചാലക്കുടി പോട്ടയിലാണ് സംഭവം. ഉടമയെ ഭീഷണിപ്പെടുത്തി 25,500 രൂപയാണ് തട്ടിയെടുത്തത്. പോലീസിന്റെ നിർണായക ഇടപെടലിലൂടെ മണിക്കൂറുകൾക്കകം പ്രതി പിടിയിലായി. തോട്ടപ്പറമ്പൻ സ്വദേശി ബൈജു(49)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
പോട്ട സ്വദേശി പീതാംബരൻ പശുവിനെ വിറ്റു കിട്ടിയ പണവുമായി ദേശീയപാതയിലൂടെ കാറിൽ പോവുകയായിരുന്നു. മേൽപ്പാലത്തിനടുത്തെത്തിയപ്പോൾ കാലിത്തീറ്റ വാങ്ങാൻ കാർ നിർത്തിയ സമയത്തായിരുന്നു പ്രതി അതിക്രമം കാണിച്ചത്. ബൈജു കാറിനുള്ളിൽക്കയറി പീതാംബരന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 25,500 രൂപ തട്ടിയെടുക്കുകയായിരുന്നു. പീതാംബരൻ പൊലീസിൽ പരാതി നൽകുകയും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പ്രതി ബൈജു സമാനകേസുകളിൽ പ്രതിയാണ്
