തിരുവനന്തപുരം : വിവാഹവേദിയിൽ നിന്നും ആരംഭിച്ച തർക്കത്തിന് പിന്നാലെ യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ആഴാകുളം പെരുമരം വിപിൻ നിവാസിൽ ജിതിൻ (24), പെരുമരം സൂര്യ നിവാസിൽ സൂരജ് (22) എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞം ടൗൺഷിപ് സ്വദേശി സഹദ് (25)നാണ് കമ്പി കൊണ്ടുള്ള അടിയിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ സുഹൃത്തുക്കൾക്കൊപ്പം വിഴിഞ്ഞത്തെ ഒരു വർക്ക്ഷോപ്പിനു മുന്നിൽ നിൽക്കവെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം അസഭ്യം പറയുകയും കമ്പി എടുത്ത് തലയ്ക്ക് അടിക്കുകയുമായിരുന്നെന്നുമാണ് പരാതി. കമ്പി കൊണ്ടുള്ള അടിയ്ൽ തലയുടെ വലതു വശത്ത് അടിയേൽക്കുകയും മുറിവുണ്ടാവുകയും ചെയ്തു.
ഒരു കല്യാണ വീട്ടിൽ വച്ച് ഏതാനും മാസം മുൻപ് പ്രതികളിലൊരാളുമായി ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മൂന്നാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
