Headlines

കൊല്ലത്ത് തീ തുപ്പിയ കാർ ഇനി ആക്രിവിലയ്ക്ക് കൊടുക്കാം; രജിസ്ട്രേഷൻ റദ്ദാക്കും; ഉടമയുടെ ലൈസൻസ് മരവിപ്പിക്കും



    

കുണ്ടറ : കൊല്ലം കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പി ഭീതി സൃഷ്ടിച്ച കാർ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റേതാണ് വാഹനം. ഈ കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇതോടെ കാർ ഉപയോഗശൂന്യമാകും. ഇനി ആക്രിക്ക് നൽകാനേ കഴിയൂ. ഒപ്പം മുഹമ്മദ് ഇർഫാന്റെ ലൈസൻസ് ഒരുവർഷത്തേക്ക് മരവിപ്പിക്കുമെന്നും എം വി ഡി അറിയിച്ചു. കാർ ഉടൻ ഉടമ സറണ്ടർ ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ വീട്ടിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം കുണ്ടറയിലെ വിവാഹ ചടങ്ങിന് എത്തിയ കാറാണ് തീ തുപ്പിയത്. വലിയ രീതിയിൽ തീ തുപ്പുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്തിയ ഈ കാർ കനത്ത ശബ്ദത്തോടെയാണ് നിരത്തിൽ ഓടിയിരുന്നത്. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിനാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മുഹമ്മദ് ഇർഫാൻ്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്യുക. കാർ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു.

തോന്നിയ പോലെ വാഹനത്തിൽ മാറ്റങ്ങൾ വരുത്താൻ രാജ്യത്തെ നിയമങ്ങൾ അനുവദിക്കുന്നില്ല. ആർടിഒയുടെ അനുമതിയില്ലാത്ത മോഡിഫിക്കേഷനുകൾ വരുത്തിയാൽ അത് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിലേക്ക് നയിക്കും. ഇന്ത്യയിൽ കാർ മോഡിഫിക്കേഷൻ നിയമപരമായി നിരോധിച്ചിട്ടില്ല എന്നേയുള്ളൂ. ശക്തമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. രൂപഭംഗി കൂട്ടാനും, പെർഫോമൻസ് മെച്ചപ്പെടുത്താനും, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ചെയ്യുന്ന മാറ്റങ്ങളാണ് മോഡിഫിക്കേഷൻ. ഇതിന് ആർടിഒയുടെ അനുമതി ആവശ്യമാണ്. വാഹനത്തിന്റെ അടിസ്ഥാന ഘടനയിൽ മാറ്റങ്ങൾ വരുത്തുന്ന മോഡിഫിക്കേഷനാണെങ്കിൽ ആർടിഒയുടെ അനുമതി നിർബന്ധമാണ്. ഇത്തരമൊരു മാറ്റമാണ് കൊല്ലത്ത് മുഹമ്മദ് ഇർഫാൻ നടത്തിയിരിക്കുന്നത്.

സുരക്ഷ, മലിനീകരണം നിയന്ത്രിക്കൽ, വാഹനത്തിന്റെ തിരിച്ചറിയൽ രേഖകൾ എന്നിവയെ ബാധിക്കുന്ന മാറ്റങ്ങൾക്കാണ് പ്രധാനമായും വിലക്കുള്ളത്. വാഹനത്തിന്റെ സുരക്ഷയെ ബാധിക്കുന്നത്, ശബ്ദമലിനീകരണം ഉണ്ടാക്കുന്നത്, എമിഷൻ നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് എന്നിവ നിയമ വിരുദ്ധമാണ്. ഇർഫാന്റെ കാർ ഈ മൂന്ന് കുറ്റങ്ങളും ചെയ്തിട്ടുണ്ടെന്നാണ് എംവിഡി ഉദ്യോഗസ്ഥർ പറ‌യുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: