ഹരിപ്പാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കേസിലെ ഒരു പ്രതി കൂടി പിടിയിൽ. തമിഴ്നാട് തിരുവണ്ണാമലൈ, വിളപ്പക്കം, പിള്ളേയ്യർ കോവിൽ സ്ട്രീറ്റ് 28 കാരനായ അജിത് കുമാർ ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തു അശ്ലീലമാക്കി മാറ്റി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്യുന്നതാണ് ഇവരുടെ രീതി. കുമാർ സെവൻ എന്ന വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് ഇത് ചെയ്തിരുന്നത്.
ഹരിപ്പാട് സ്വദേശികളായ എട്ടോളം പെൺകുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ രണ്ടാം പ്രതി കോട്ടയം സ്വദേശിയായ അരുൺ (25) നെ ഏപ്രിൽ 25ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത് കുമാറിനെ പിടികൂടിയത്. എസ് എച്ച് ഓ മുഹമ്മദ് ഷാഫി , എസ് ഐ ഷൈജ, എ എസ് ഐ ശിഹാബ്, സി പി ഓമാരായ ശ്രീജിത്ത്, നിഷാദ്, ശിഹാബ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
