കണ്ണൂർ: യുവതിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റില്‍. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഹിത്ത് (24), പ്രജിന എന്ന ഷില്‍ന (30) എന്നിവരെയാണ് കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച് വിവിധ വാട്സാപ്പ് നമ്പറുകളിലേക്ക് ഫോട്ടോ അയച്ചുകൊടുത്തും യുവതിയെപ്പറ്റി അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് കേസ്. പ്രതികള്‍ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി സ്ത്രീകളുടെ ഫോട്ടോ ലൈംഗിക തൊഴിലാളികള്‍ എന്ന വിധത്തില്‍ പല ആളുകള്‍ക്കും വാട്സാപ്പ് വഴി അയച്ചതായും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആവശ്യക്കാർ വാട്സാപ്പിലൂടെ സ്ത്രീകളെ തെരഞ്ഞെടുക്കുകയും നിർദേശിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്നതുമാണ് രീതി. പരാതിക്കാരിയുടെ ഫോട്ടോ വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടത് സ്ക്രീൻ ഷോടെടുത്ത് പ്രതികള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.
ഫോട്ടോ കണ്ട് താല്പര്യപ്പെട്ട് എത്തുന്നവർക്ക് പരാതിക്കാരിയോട് സാമ്യമുള്ള യുവതിയെ നല്‍കുകയാണ് ഇടപാടുകാർ ചെയ്‌തിരുന്നത്. ഒന്നാം പ്രതി പരാതിക്കാരിയുടെ വീട്ടില്‍ കയറിയും അപവാദം പറഞ്ഞിരുന്നു. കേസില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചതായും പൊലീസ് അറിയിച്ചു.

