മധ്യപ്രദേശിലെ ഷിയോപൂരിൽ നടന്ന വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് നിന്ന് കുഴഞ്ഞ് വീണ് വരൻ മരിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ കുതിരപ്പുറത്ത് വരികയായിരുന്ന വരൻ പ്രദീപ് സിങ് ജാട്ടിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായ പ്രദീപിന് സുഹൃത്തുക്കള്‍ സിപിആർ നൽകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദായാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം ,പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കൂ.
നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്‌യുഐ) മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്നു മരണപ്പെട്ട പ്രദീപ് സിങ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കുതിരപ്പുറത്ത് കയറുന്നതിന് മുൻപ് അദ്ദേഹം പരമ്പരാഗത നൃത്തം കളിച്ചിരുന്നുവെന്നും തുടർന്ന് ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്നും പറയുന്നു.
