കൊച്ചി: പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയ രണ്ട് പേരെ പിന്തുടർന്ന് പിടികൂടിയത് 25 ഗ്രാം എംഡിഎംഎ. ഞാറയ്ക്കൽ വളപ്പിൽ താമസിയ്ക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടിൽ ഫൈസൽ (48), ചക്കരയിടുക്ക് കാട്ടൂക്കാരൻ കുഞ്ഞുമുഹമ്മദ് (48) എന്നിവരാണ് പിടിയിലായത്. ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശേധനയിൽ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ചാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. കൈ കാണിച്ച് നിർത്താതിരുന്ന ഇവരെ പിന്തുടർന്നാണ് പിടികൂടിയത്. ഇരുചക്ര വാഹനത്തിൽ ബംഗളുരുവിൽ നിന്നാണ് ഇവർ രാസ ലഹരി മരുന്നുകള്‍ കൊണ്ടുവന്നിരുന്നത്. കയ്യുറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലക്ഷങ്ങൾ വില വരുന്ന മയക്കു മരുന്ന് കണ്ടെത്തിയത്. കൊച്ചി സിറ്റിയിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വിൽപ്പനയായിരുന്നു ലക്ഷ്യം.


