ശബരിമല: മകരവിളക്ക് ഉത്സവത്തിനായി സന്നിധാനത്തേക്ക് തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ ആരംഭിക്കും. പന്തളത്ത് നിന്ന് ഘോഷ നാളെ പകൽ ഒന്നിന് പുറപ്പെട്ട് 14നാണ് സന്നിധാനത്ത് എത്തിച്ചേരുന്നത്. 14ന് വൈകീട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷ യാത്രയെ ദേവസ്വം പ്രതിനിധികളും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും.
മകരവിളക്കിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. തിരക്ക് മുന്നിൽ കണ്ട് തീർത്ഥാടകർക്കായി ഇത്തവണ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എർപ്പെടുത്തിയിട്ടുണ്ട്. ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നിരവധി ക്രമീകരണങ്ങൾ ഇതിനോടകം ഏർപ്പെടുത്തി കഴിഞ്ഞു. വിർച്വൽ ക്യു, സ്പോട്ട് ബുക്കിംഗ് എന്നിവ നിജപ്പെടുത്തിയതാണ് പ്രധാനം. സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലക്കലിലേക്ക് മാറ്റി കഴിഞ്ഞു. പമ്പയിൽ നിന്ന് 800 ഓളം കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ഉണ്ടാകും. പമ്പ ഹിൽ ടോപ്പിലെ വാഹന പാർക്കിംഗ് ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് മുതൽ പതിനാലു വരെ മുക്കുഴി കാനനപാത വഴി ഭക്തർക്ക് പ്രവേശനവുമുണ്ടാകില്ല. മകരവിളക്ക് കഴിഞ്ഞു 15, 16, 17 ,18 തീയതികളിൽ തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാൻ ഭക്തർക്ക് അവസരമുണ്ടാകും.


