ജാതിയുടെ പേരിൽ ഭാര്യ വീട്ടുകാർ യുവാവിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് സംഭവം. മാമില്ലഗദ്ദ സ്വദേശിയായ വഡ്‌കൊണ്ട കൃഷ്ണയാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കൃഷ്ണ മറ്റൊരു ജാതിയിൽപ്പെട്ട യുവതിയായ കോട്‌ല ഭാർഗവിയെ ആറുമാസം മുമ്പാണ് വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം,
ഗൗഡ് (ഒബിസി) വിഭാഗത്തിൽ നിന്നുള്ള യുവതിയായിരുന്നു ഭാർഗവി. വിവാഹത്തിന് വലിയ എതിർപ്പാണ് യുവതിയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. എന്നാൽ, എതിർപ്പുകളെ അവഗണിച്ച് യുവതി കാമുകനൊപ്പം പോകുകയും ഇരുവരും വിവാഹിതരാകുകയുമായിരുന്നു.
നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് സമീപത്തു കിടക്കുന്ന നിലയിലാണ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മുഖം പാറക്കല്ലുകൾ ഉപയോഗിച്ച് അടിച്ചു തകർത്ത നിലയിലാണ്. ദുരഭിമാനക്കൊലയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി.
‘‘ഇത് ദുരഭിമാനക്കൊലയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്. ഇയാൾക്കെതിരെ ഏതാനും കേസുകളുണ്ടായിരുന്നു. ഞങ്ങൾ അത് പരിശോധിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പറയാൻ ഇപ്പോൾ സാധിക്കില്ല.’’ – പൊലീസ് സൂപ്രണ്ട് സൺപ്രീത് സിങ് പറഞ്ഞു. കൃഷ്ണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂര്യപേട്ടിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി


