ആലങ്ങാട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. മൂന്നു വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് ഒന്നര വയസും ഇളയ കുട്ടിക്ക് 28 ദിവസവും മാത്രമാണ് പ്രായം.
ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇമ്മാനുവൽ ഉടൻതന്നെ യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രി പത്തരയോടെ മരിയ മരണത്തിനു കീഴടങ്ങി. ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി ഇമ്മാനുവേൽ തൂങ്ങിമരിക്കുകയായിരുന്നു.
പുലർച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാർ ഇമ്മാനുവലിനെ കണ്ടെത്തിയത്. കണ്ടയുടൻ ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയർ ഡെക്കറേഷൻ ജോലിയായിരുന്നു. കൊങ്ങോർപ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടിൽ ബെന്നിയുടെ മകളാണു മരിയ. വിവാഹശേഷമാണ് ഇവർ കൊങ്ങോർപ്പിള്ളിയിൽ താമസമാക്കിയത്



