കൊല്ലം: കൊല്ലം മേയര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ തിരുവനന്തപുരം കരിക്കകം സ്വദേശി 52 കാരനായ അനിൽ കുമാർ പിടിയിലായി. മദ്യ ലഹരിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ അനിൽകുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
ഇന്നലെ രാവിലെ 7.15 മണിയോടെയാണ് ജീൻസ് പാന്റും ടീ ഷർട്ടും തൊപ്പിയും ധരിച്ച ഒരാൾ കത്തിയുമായി മേയറുടെ വീടിന് സമീപം എത്തിയത്. വൈദ്യശാല ജങ്ഷനിൽ എത്തിയ ഇയാൾ ഒരു കടയിൽ എത്തി മേയറുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. മേയറുടെ വീട്ടിൽ എത്തിയ മത്സ്യ വ്യാപാരിയായ സ്ത്രീ പറഞ്ഞത് അനുസരിച്ചാണ് മേയർ ഇക്കാര്യം അറിയുന്നത്. ഇതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസിൽ പരാതി നൽകി.
