ഡൽഹി: വടക്കൻ സിക്കിമിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്ന് സൈനികർ മരിച്ചു. നാല് സൈനികരെ രക്ഷപ്പെടുത്തി. അതേസമയം ആറ് സൈനികരെ കാണാതായെന്നാണ് വിവരം. സൈനികരെ മാത്രമല്ല സാധാരണക്കാരായ ആളുകളെയും കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കരസേനയുടെ ക്യാമ്പിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായി.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റ് നാല് പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. “കാണാതായ ആറ് പേരെ കണ്ടെത്താൻ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന്” പ്രസ്താവനയിൽ പറയുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. ഇതിനിടെ ഞാറാഴ്ച രാത്രി ഏഴുമണിയോടെയാണ് വടക്കൻ സിക്കിമിൽ വലിയ മണ്ണിടിച്ചത്. ചതെനിലെ സൈനിക ക്യാമ്പിലേക്കും മണ്ണിടിഞ്ഞുവീണു. നേരിയ പരിക്കുകളോടെ നാലു സൈനികരെ രക്ഷപ്പെടുത്തിയെന്നും മൂന്നു സൈനികരുടെ മൃതദേഹം കണ്ടെടുത്തുവെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. കാണാതായ ആറു സൈനികർക്കായി തെരച്ചിൽ ഊർജിതമാക്കിയ അധികൃതർ അറിയിച്ചു.
