പാറശ്ശാല: ഓടിക്കൊണ്ടിരുന്ന ചരക്കുതീവണ്ടിയുടെ എൻജിൻ വേർപെട്ടതോടെ തീവണ്ടി ഗതാഗതം സ്തംഭിച്ചു. തീവണ്ടിയുടെ എൻജിൻ വാഗണിൽ നിന്നു വേർപെട്ടതിന് പിന്നാലെ തിരുവനന്തപുരം-നാഗർകോവിൽ പാതയിൽ ഒരു മണിക്കൂറോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്ക് 11.30-ന് തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്ക് പെട്രോളുമായി പോയ തീവണ്ടിയുടെ എൻജിനാണ് വേർപെട്ടത്. പാറശ്ശാല റെയിൽവേ സ്റ്റേഷിനിലേക്കു കയറവേ വേഗത കുറച്ചെത്തിയ വണ്ടി വീണ്ടും മുന്നോട്ടുപോയപ്പോഴാണ് എൻജിൻ വേർപെട്ടത്. വേർപെട്ട ശേഷവും ഏറെ ദൂരം മുന്നോട്ടുപോയാണ് എൻജിൻ നിന്നത്. വാഗണും എൻജിനും തമ്മിൽ ബന്ധിപ്പിക്കുന്ന എൻജിൻ ലോക്ക് ഇളകിയതാണ് കാരണം.
സംഭവത്തെത്തുടർന്ന് തിരുവനന്തപുരത്തുനിന്നു പുതിയ ലോക്കെത്തിച്ച് വാഗൺ എൻജിനുമായി ബന്ധിപ്പിച്ച ശേഷം തീവണ്ടി ഒന്നാം പ്ലാറ്റ്ഫോമിലേക്കു മാറ്റി. ഇതിന് ശേഷമാണ് മറ്റ് പ്ലാറ്റ്ഫോമുകൾ വഴി തീവണ്ടികൾ കടത്തിവിടാൻ തുടങ്ങിയത്.
