കാഞ്ഞങ്ങാട്: കാസർഗോഡ് മാവുങ്കാലിൽ നിർത്തിയിട്ട ഓട്ടോയിൽനിന്ന് 7 പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ പിടിയിൽ. കള്ളാർ ഒക്ലാവിലെ എ. സുബൈർ 23, ആവിക്കര കെ.എം.കെ ക്വാർട്ടേഴ്സിലെ കെ. മുഹമ്മദ് ആഷിഖ് എന്ന മൊഞ്ചത്തി ആഷിഖ് 28 എന്നിവരാണ് അറസ്റ്റിലായത്. മാവുങ്കാൽ സഞ്ജീവനി ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഓട്ടോയിൽ നിന്നാണ് പ്രതികൾ സ്വർണം മോഷ്ടിച്ചത്. സംഭവത്തെ തുടർന്ന് നാട്ടിൽ നിന്ന് മുങ്ങിയ പ്രതികളെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്.
പ്രതികളെ ഞായറാഴ്ച കാഞ്ഞങ്ങാട്ടുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ചചെയ്ത മുഴുവൻ ആഭരണങ്ങളും പ്രതി താമസിക്കുന്ന ആവിക്കരയിലെ ക്വാർട്ടേഴ്സിൽനിന്ന് കണ്ടെടുത്തു. ഹോസ്ദുർഗ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കാസർകോട് കോടതിയിൽ ഹാജരാക്കി. ബളാൽകല്ലം ചിറയിലെ കുതിരുമ്മൽ അഷറഫിന്റെ ഓട്ടോയുടെ ഡാഷ് ബോക്സ് കുത്തിത്തുറന്ന് ഏഴ് വളകൾ കവരുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്കായിരുന്നു കവർച്ച. അഷ്റഫിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. ഇവർ പിതാവിനെയും കൊണ്ട് ആശുപത്രിയിലെത്തിയതായിരുന്നു. സി.സി.ടി.വി ദൃശ്യം ലഭിച്ചതാണ് പ്രതികൾ പെട്ടെന്ന് കുടുങ്ങാൻ കാരണമായത്. ആഷിഖ് കവർച്ച ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാപ്പ കേസിലും പ്രതിയാണ്.
മറ്റൊരു സംഭവത്തിൽ വെള്ളറട കത്തിപ്പാറ ജംഗ്ഷനു സമീപത്തുള്ള കൂതാളി സ്വദേശി ജോണിന്റെ കടകുത്തിത്തുറന്ന് കവർച്ച നടത്തി. പൂട്ടുത്തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ കടയിലെ സാധനങ്ങളും മേശയിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും കവർന്നു. കടയുടമയുടെ പരാതിയിൽ വെള്ളറട പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. കടയിലെ പൂട്ടുകൾ സമീപത്തെ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇത് രണ്ടാം തവണയാണ് കവർച്ച നടക്കുന്നത്


