റായ്പൂർ: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ നടന്ന ഖനി വിരുദ്ധ അക്രമത്തിനിടെ ഡ്യൂട്ടിയിലായിരുന്ന വനിതാ കോൺസ്റ്റബിളിന്റെ യൂണിഫോം വലിച്ച് കീറാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഉദ്യോഗസ്ഥയെ അപമാനിക്കാനും ദൃശ്യങ്ങളെടുക്കാനും ശ്രമിച്ചവരാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിനെ തുടർന്നാണ് ഇത് പുറത്തുവന്നത്. വീഡിയോയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ കോൺസ്റ്റബിൾ നിലത്ത് വീഴുന്നതും യുവാക്കൾക്ക് മുന്നിൽ തന്റെ വസ്ത്രങ്ങൾ അഴിക്കുന്നത് നിർത്താൻ യാചിക്കുകയും ചെയ്യുന്നത് കാണിക്കുന്നു. സംഭവത്തിൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
റായ്ഗഡിലെ 14 ഗ്രാമങ്ങളിൽ നിന്നുള്ള താമസക്കാരാണ് ഈ മേഖലയിൽ പ്രഖ്യാപിച്ച ഖനന പദ്ധതിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ഡിസംബർ 27ന് പ്രതിഷേധം അക്രമാസക്തമായിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾക്ക് തീ വയ്ക്കുകയും ചെയ്തിരുന്നു. പൊതുസ്വത്തിന് വലിയ രീതിയിൽ പ്രതിഷേധക്കാർ നാശം സൃഷ്ടിച്ചിരുന്നു. പ്രതിഷേധക്കാരെ നേരിടാൻ മേഖലയിൽ വളരെ കുറച്ച് പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. ഇവരിലൊരു വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് കൊടും ക്രൂരത നേരിടേണ്ടി വന്നത്. പ്രതിഷേധക്കാർ അക്രമാസക്തരായതിന് പിന്നാലെ പൊലീസുകാരി സംഘർഷ സ്ഥലത്ത് കുടുങ്ങുകയായിരുന്നു.
നിലത്ത് വീണ പൊലീസ് ഉദ്യോഗസ്ഥ വസ്ത്രം വലിച്ചുകീറുന്ന പുരുഷന്മാരോട് ഇങ്ങനെ ചെയ്യരുതെന്ന് അപേക്ഷിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. എന്തിനാണ് ഇവിടെ വന്നത് എന്നും അടി വേണോയെന്നും ചോദിച്ച് ചെരിപ്പ് വച്ച് അടിക്കാനോങ്ങുന്ന ഒരാളും വസ്ത്രം വലിച്ച് കീറുന്ന മറ്റൊരാളുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്. കൈകൾ കൂപ്പി വെറുതെ വിടാൻ അപേക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയേയും ദൃശ്യങ്ങളിൽ കാണാൻ കഴിയും. സഹോദരാ താനാരെയും മർദ്ദിച്ചിട്ടില്ല, വെറുതെ വിടൂവെന്ന് യാചിക്കുന്ന പൊലീസുകാരിയുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.
പൊലീസുകാരിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ അക്രമികളിലൊരാൾ തന്നെയാണ് ചിത്രീകരിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആകാശ് മാർകം വിശദമാക്കിയത്. ഓൾ ഇന്ത്യ മഹിള കോൺഗ്രസ് ആണ് വീഡിയോ പുറത്ത് വിട്ടത്. പൊലീസുകാരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. ഇരട്ട എൻജിനുള്ള ബിജെപി സർക്കാർ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പൂർണ പരാജയം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.
അതേസമയം ഡിസംബർ 27 ന് രാവിലെ 9 മണിയോടെ ഏകദേശം 300 ഗ്രാമവാസികൾ ലിബ്ര ചൗക്കിൽ ഒത്തുകൂടി. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു, ഇത് ഗതാഗതം തടസ്സപ്പെടുത്തുകയും പോലീസുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


