കൊച്ചി: ഡോക്ടറുടെ പേരില്‍ വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകൾ വാങ്ങി ലഹരിക്കായി വിൽപ്പന നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയിൽ. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ നിക്സന്‍ ദേവസ്യയും സനൂപ് വിജയനുമാണ് പൊലീസിന്റെ പിടിയിലായത്. മാരക മയക്കുമരുന്നായ ഈ ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം എത്തിച്ച് നല്‍കിയതായി പ്രതികള്‍ മൊഴി നല്‍കി.
മനസിന്‍റെ താളം തെറ്റി അക്രമാസക്തരാകുന്നവരെ മയക്കി കിടത്താന്‍ ഉപയോഗിക്കുന്നതാണ് അപകടകരമായ നൈട്രോ സെപാം ഗുളികകള്‍. ലഹരി മരുന്ന് കണക്കെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇവ കെട്ട് കണക്കിന് വാങ്ങികൂട്ടി വിദ്യാര്‍ഥികള്‍ക്കിടയിലടക്കം വില്‍ക്കലായിരുന്നു നിക്സന്‍ ദേവസ്യയുടെയും സനൂപ് വിജയന്‍റെയും ജോലി. ഇരുവരും കോയമ്പത്തൂരില്‍ ഇതേ പ്രവൃത്തി മാസങ്ങളോളം തുടര്‍ന്നിരുന്നു ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്.
ടൗണിലെ ആശുപത്രിയില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ അനൂപിന്‍റെ പേരില്‍ വ്യാജ സീലും കുറിപ്പടിയുമുണ്ടാക്കി ഗുളിക വാങ്ങാനായിരുന്നു പദ്ധതി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ പറവൂര്‍ ടൗണില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. രണ്ട് പേരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികള്‍ വിദ്യാര്‍ഥികള്‍ക്ക് ഗുളികകള്‍ എത്തിച്ച് നല്‍കിയാതായി പൊലീസിന് വിവരം ലഭിച്ചത്.
ഇരുവരും നേരത്തെയും ലഹരിക്കേസില്‍ ജയിലില്‍ കിടന്നവരാണ്. കരുതലോടെ മാത്രം ഉപയോഗിക്കേണ്ട നൈട്രോസെപാം ഗുളികകള്‍ ഡോക്ടറുടെ ട്രിപ്പിള്‍ പ്രിസ്ക്രിപ്ഷന്‍ വഴിമാത്രേ വില്‍പന നടത്താവു എന്നാണ് നൽകിയിട്ടുള്ള നിര്‍ദേശം. മരുന്ന് വില്‍പന നടത്തുന്ന മെഡിക്കല്‍ സ്റ്റോറുകളില്‍ ഇതിനായി പ്രത്യേകം റജിസ്റ്റര്‍പോലും തയ്യാറാക്കി വയ്ക്കേണ്ടതുണ്ടെന്നിരിക്കെയാണ് യുവാക്കളുടെ വ്യാജ കുറിപ്പടി തയ്യാറാക്കൽ.
ഡോക്ടറുടെ പേരില്‍ വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകൾ വാങ്ങി ലഹരിക്കായി വിൽപ്പന നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയിൽ
