കൊല്ലം: കല്ലമ്പലം ദേശീയപാതയിൽ ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കല്ലമ്പലം മുല്ലമംഗലത്ത് വൈഗലാൻഡിൽ ശ്രീലക്ഷ്മിയാണ് (28) മരണപ്പെട്ടത്. പാരിപ്പള്ളി ക്ഷേത്രോത്സവം കണ്ട് ഭർത്താവിനും കുട്ടികൾക്കും ഒപ്പം മടങ്ങവെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം.
ദേശീയപാത വികസനത്തോടനുബന്ധിച്ച് താൽക്കാലികമായി കെട്ടിയിരുന്ന ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം തെറ്റിയാണ് വണ്ടി അപകടത്തിൽപ്പെട്ടത്. ശ്രീലക്ഷ്മിയുടെ ഒന്നര വയസ്സും ആറു വയസ്സും പ്രായമുള്ള രണ്ടു കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥിരം അപകടമേഖലയിലാണ് അപകടമുണ്ടായിരിക്കുന്നത്.

