വർക്കല: വർക്കലയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. വർക്കല അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം. സിബി (28) എന്നയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്. അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്തുനിന്നും കടന്നുകളഞ്ഞ ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.
പ്ലാറ്റ്ഫോം ഭാഗത്തൂടെ എത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ ട്രാക്കിൽ വീണതോടെ ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആർപിഎഫ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. അപകടത്തെ തുടർന്ന് ട്രെയിൻ ഏകദേശം ഒരു മണിക്കൂർ നിർത്തിയിടേണ്ടിവന്നു. ട്രാക്കിൽ നിന്ന് ഓട്ടോറിക്ഷ നീക്കം ചെയ്തതിന് ശേഷമാണ് ട്രെയിൻ വീണ്ടും യാത്ര തുടർന്നത്.
രാത്രി 10.40ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന വന്ദേഭാരത് എക്സ്പ്രസ് 11.50ഓടെയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്


