Headlines

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോ യുഡിഎഫിനോ പിന്തുണ നൽകില്ല: ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ നൂറിലേറെ ഇടങ്ങളിൽ നിർണായകമാകുക ബിജെപി അംഗങ്ങളുടെ നിലപാട്. അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോ യുഡിഎഫിനോ പിന്തുണ നൽകരുതെന്ന കർശന നിർദ്ദേശം നേതൃത്വം നൽകി കഴിഞ്ഞു. ഇതോടെ പല തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണം ത്രിശങ്കുവിലാകും.

പാർട്ടി ഒന്നാം സ്ഥാനത്തോ മറ്റു രണ്ടു മുന്നണികൾക്കും ഒപ്പമോ എത്തിയ 46 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നൂറിലധികം സ്ഥലത്ത് അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങളുടെ വോട്ട് നിർണായകമാണ്. പാർട്ടിക്ക് മൂന്നോ അതിലധികമോ അംഗങ്ങൾ ഉള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും നേതൃത്വം നിർദ്ദേശം നൽകി. തീരുമാനം പാലിക്കാത്തവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഘടകങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനുവരി 20നുള്ളിൽ എല്ലാ ജില്ലകളിലും മണ്ഡലം പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ചേർന്ന് കോർ കമ്മിറ്റി കൂടി തെരഞ്ഞെടുപ്പ് പ്രവർത്തന ഫലം വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്യണം. വാർഡ്നിരീക്ഷണവും ജനുവരി 30നുള്ളിൽ പൂർത്തിയാക്കണമെന്നും നിർദേശം നൽകപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച പാർട്ടി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സംഭവിച്ച കാര്യങ്ങൾ വിശദമായി പരിശോധന നടത്തുകയും റിപ്പോർട്ട് നൽകുകയും വേണമെന്നും ഭാരവാഹികൾക്ക് അറിയിച്ചിട്ടുണ്ട്.

പാർട്ടി അംഗങ്ങൾ വിജയിച്ച സ്ഥാപനങ്ങളിൽ ജനുവരി 20നു മുൻപ് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പാർലമെന്ററി പാർട്ടി നേതാവ് തെരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങൾക്കും പാർട്ടി സ്വതന്ത്ര സ്ഥാനാർഥികൾക്കും വിപ്പ് നൽകുന്നതിലും ജില്ലാ പ്രസിഡന്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: