ബെംഗലൂരു: കന്നഡ, തുളു നടനും കന്നഡ ടിവി ഷോ കോമഡി ഖിലാഡിഗലു 3 വിജയിയുമായ രാകേഷ് പൂജാരി തിങ്കളാഴ്ച അർദ്ധരാത്രി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഉഡുപ്പി ജില്ലയിൽ ഒരു മെഹന്തി ചടങ്ങിനിടെയാണ് 33 കാരനായ നടന് ദാരുണമായ മരണം സംഭവിച്ചത്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച് ഞായറാഴ്ച രാത്രി വൈകിയാണ് രാകേഷ് കുഴഞ്ഞുവീണ് മരിച്ചത്. ഇദ്ദേഹം പങ്കെടുത്ത മെഹന്തി ചടങ്ങിൽ നിന്നുള്ള ഒരു സ്റ്റോറി നടൻ തന്റെ ഇൻസ്റ്റാഗ്രാമിൽ മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പങ്കിട്ടിരുന്നു. ഒപ്പം സഹോദരിക്ക് ജന്മദിനാശംസയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാമിലെ ഈ രണ്ട് അവസാന സ്റ്റോറികളും വൈറലായി പിന്നീട്.ഡെക്കാൻ ഹെറാൾഡിലെ ഒരു റിപ്പോർട്ട് അനുസരിച്ച് മിയാറിൽ തന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു രാകേഷ്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞുവീണു. കുഴഞ്ഞുവീണ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രഥമികമായ വിലയിരുത്തല്‍. കര്‍ക്കല ടൗണ്‍ പൊലീസ് സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. സിനിമ ടിവി രംഗത്തെ പലരും നടന്‍റെ പെട്ടെന്നുള്ള വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ഷൂട്ടിംഗ് പുരോഗമിക്കുന്ന ഋഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റർ 1 ൽ അഭിനയിച്ചു വരുകയാണ് രാകേഷ്. മെഹന്തി ചടങ്ങിലേക്ക് പോകുന്നതിന് മുമ്പ് മെയ് 11 ന് ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു നടന്‍. ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗം പൂർണ്ണമായും ചിത്രീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. രാകേഷ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടായിരുന്നു.
2020 കോമഡി ഖിലാഡിഗലു 3 ഷോയിൽ വിജയിച്ചതോടെ രാകേഷ് കർണാടകയിൽ പ്രശസ്തനായത്. 2014-ൽ കടലേ ബാജിൽ എന്ന തുളു റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് നടൻ അറിയപ്പെട്ടത്. അമ്മേർ പോലീസ്, ഉമിൽ തുടങ്ങിയ ചില കന്നഡ, തുളു ചിത്രങ്ങളിലും രാകേഷ് അഭിനയിച്ചു. കർണാടക ആസ്ഥാനമായുള്ള വിവിധ റിയാലിറ്റി ഷോകളിലും രാകേഷ് പങ്കെടുത്തു കൂടാതെ നാടക മേഖലയിലും സജീവമായിരുന്നു.
